| Friday, 17th April 2020, 7:59 pm

ഒരു വര്‍ഷമായി തടവില്‍ കഴിയുന്ന രാജകുമാരി, കുട്ടികളെയടക്കം തൂക്കിലേറ്റുന്ന കിരീടാവകാശി; എന്താണ് സൗദിയില്‍ നടക്കുന്നത്?

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഒരു വര്‍ഷത്തോളമായി കാണാതായിരുന്ന സൗദി രാജകുടുംബത്തിലെ അംഗവും മനുഷ്യാവാകാശ പ്രവര്‍ത്തകയുമായ ബസ്മ ബിന്ദ് സൗദ് അബ്ദുല്‍അസിസ് അല്‍ സൗദ് തന്നെ അകാരണമായി ജയില്‍ അടച്ചിരിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ മകളൊടൊപ്പം തന്നെ തടങ്കലില്‍ അടച്ചിരിക്കുകയാണ് എന്നാണ് രാജകുമാരിയായ ബസ്മ അറിയിച്ചത്. അല്‍-ഹൈര്‍ലെ തടങ്കലിലാണ് താനെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വിട്ടയക്കണമെന്നുമാണ് ഇവര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാനോട് എതിര്‍പ്പുള്ളവരെയും വിമര്‍ശകരെയും തടങ്കലിലാക്കുന്ന നയത്തിനെതിരെ അന്തരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് രാജകുടുംബത്തിലെ തന്നെ മറ്റൊരു അംഗം തന്നെ ജയിലിലടച്ചിരിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വിധം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ് താനെന്നും ബസ്മ ട്വീറ്റില്‍ പറയുന്നു. 55 കാരിയായ ബസ്മ രാജകുമാരി സൗദി അറേബ്യയുടെ രണ്ടാമത്തെ അധികാരിയായിരുന്ന സൗദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍-സൗദിന്റെ മകളാണ്.

ബസ്മ ബിന്ദ് സൗദ് അബ്ദുല്‍അസിസ് അല്‍ സൗദ്

സൗദി അറേബ്യയില്‍ നിന്നും വരുന്ന ഒട്ടും പുതുമ ഇല്ലാത്ത ഒരു വാര്‍ത്തയാണ് ഇത്. കാരണം മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറയിതിനു ശേഷം നിരവധി പേരാണ് സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിരിക്കുന്നത്. സൗദിയുടെ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുടുംബത്തിലെ തന്നെ മൂന്ന് പേരെ ഈയടുത്ത് തടവിലാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

സൗദി രാജാവിന്റെ സഹോദരപുത്രനും കിരീടാവകാശിയെ നിശ്ചയിക്കുന്ന കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് ബിന്‍ സാദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, സൗദിയുടെ മുന്‍ കിരീടവകാശിയായ മുഹമ്മദ് ബിന്‍ നായിഫ്, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ തന്നെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുളസീസ് തുടങ്ങിയവരെയും അധികാരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് സൗദി രാജകുമാരിയും താന്‍ തടവിലാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് സൗദിയില്‍ നടക്കുന്നത്?

സൗദിയുടെ കിരീടാവകാശി മാത്രമാണ് മുഹമ്മദ് ബിന്‍ സല്‍മാനെങ്കിലും ഇതിനോടകം തന്നെ അധികാരമെല്ലാം അദ്ദേഹത്തിന്റെ വരുതിയിലായിരിക്കുകയാണ് എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പിതാവായ സല്‍മാന്‍ രാജാവിനെ സൗദിയുടെ അനൗദ്യോഗിക നേതൃത്വത്തിലേക്ക് തള്ളിമാറ്റി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ വിസിറ്റിങ്ങ് പ്രൊഫസറായ മദാവി അല്‍ റഷീദ് പറയുന്നു. സൗദിയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളിലും, വിദേശകാര്യ നയങ്ങളിലും അവസാനവാക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ സൗദിയുടെ ആഭ്യന്തര സുരക്ഷ, ഇന്റലിജന്‍സ്, മിലിറ്ററി തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്യുന്നതും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്‍

പാശ്ചാത്യ മാധ്യമങ്ങളിലുള്‍പ്പെടെ തനിക്ക് അനുകൂലമായ കീര്‍ത്തി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സൗദി കിരീടവകാശി നേരത്തെ തന്നെ തുടങ്ങിയിരുന്നു. സൗദിയെ ആധുനികവത്കരണത്തിലേക്ക് നയിക്കുന്ന യുവ നേതൃത്വത്തിന്റെ അധിപന്‍ എന്ന നിലയില്‍ ഒരു ഇമേജ് ബില്‍ഡിങ്ങിനുള്ള ശ്രമങ്ങളായിരുന്നു സല്‍മാന്‍ രാജകുമാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാമെന്ന തീരുമാനം കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അതേ സമയം നിരവധി വുമണ്‍ റൈറ്റ് ആക്റ്റിവിസ്റ്റുകളാണ് സൗദിയില്‍ ഈ സമയത്ത് തന്നെ അറസ്റ്റ് ചെയ്യപ്പട്ടതും. റിയാദ്‌സ് കിങ്ങ് സൗദ് യൂണിവേഴ്‌സിറ്റിയിലെ റിട്ടയര്‍ഡ് പ്രൊഫസറായ അസീസ-അല്‍ യൂസഫ് ഉള്‍പ്പെടെയുള്ളവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ ചാട്ടവാറടിക്കും കഠിന തടവിനും വരെ വിധിക്കാവുന്ന കുറ്റമായി ഫെമിനിസത്തെയും മാറ്റിയിരുന്നു യുവ വിപ്ലവകാരിയെന്ന് തുടക്കത്തില്‍ പലമാധ്യമങ്ങളും വിശേഷിപ്പിച്ച മുഹമ്മദ് ബിന്‍ സല്‍മന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമാല്‍ ഖഷോഗ്ജി എന്ന മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇരുണ്ട മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ കാരണമായി. 2018 ഒക്ടോബര്‍ 2നായിരുന്നു ഇസ്താന്‍ബുള്ളിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു രേഖയുടെ കാര്യത്തിനെത്തിയ അദ്ദേഹത്തെ കൊലപ്പെടുത്തുന്നത്. പതിനെട്ട് ദിവസത്തോളം മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ച സൗദി അറേബ്യ ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് കൊലപാതകം തുറന്നുസമ്മതിച്ചു. പക്ഷെ സൗദി ഒഫീഷ്യല്‍സുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്നായിരുന്നു സൗദി അറേബ്യയുടെ വാദം.

ജമാല്‍ ഖഷോഗ്ജി

2015ലാണ് സൗദി രാജാവ് തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ 29ാം വയസ്സില്‍ പ്രതിരോധ മന്ത്രിയായി നിയമിക്കുന്നത്. പിന്നീട് രാജകുടുംബത്തിലെ തന്നെ പല മുതിര്‍ന്ന അംഗങ്ങളെയും പുറത്താക്കി കൊണ്ടായിരുന്നു 2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീടവകാശിയായത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശി ആയതിനു ശേഷം സൗദിയില്‍ വധശിക്ഷയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു്. കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയതിനു ശേഷമുള്ള എട്ട് മാസത്തിനുള്ളില്‍ 133 വധശിക്ഷയാണ് നടന്നത്. ഒരു മാസത്തില്‍ ചുരുങ്ങിയത് 16 വധശിക്ഷവരെ സൗദിയില്‍ നടക്കുന്നുണ്ടെന്ന് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെയും ആംനെസ്റ്റി ഇന്റര്‍നാഷണിലിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്രൈവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് സൗദിയില്‍ അഞ്ച് വര്‍ഷ ഭരണകാലയളവില്‍ തൂക്കി കൊന്നത് 800 പേരെയാണെന്നാണ്. സൗദി രാജാവ് സല്‍മാന്റെ ഭരണകാലയളവില്‍ തൂക്കികൊലകള്‍ ഇരട്ടിയായി. കുട്ടികളെ അടക്കം വധശിക്ഷയ്ക്ക് വിധിച്ചുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ നൂറ് കണക്കിന് ആളുകള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൗദി രാജകുമാരി തന്നെ താന്‍ തടവിലാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നത്. അധികാരം നിലനിര്‍ത്താനും വിമര്‍ശകരുടെ വായടപ്പിക്കാനും ഏതറ്റം വരെയും പോകുമെന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ നിലപാട് ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവരുന്നതാണ് കാണാതായ സൗദി രാജകുമാരി ബസ്മയുടെ വെളിപ്പെടുത്തലെന്നാണ് നിരീക്ഷണങ്ങള്‍. ഒപ്പം സൗദിയില്‍ നടക്കുന്ന തീവ്ര മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴവും ഇത് വ്യക്തമാക്കുന്നു. നേരത്തെ തടവിലാക്കിയ വുമണ്‍റൈറ്റ് ആക്ടിവിസ്റ്റുകളെ വിട്ടയക്കണമെന്ന് പറഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോടു സൗദി പ്രതികരിച്ചത് കാനഡയിലുള്ള മുഴുവന്‍ സൗദി അറേബ്യന്‍ പൗരന്മാരെയും തിരിച്ചു വിളിച്ചുകൊണ്ടായിരുന്നു. പരിഷ്‌കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും എല്ലാ വാചകകസര്‍ത്തിനിടയിലും രാജാവിനെതിരെ സംസാരിച്ചാല്‍ നിങ്ങളെ കൊലപ്പെടുത്തുന്ന രാജ്യമാണ് സൗദി എന്ന റിപ്രൈവ് ഡയറക്ടറായ മായ ഫോയുടെ വാക്കുകള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് സൗദിയില്‍ നിന്നും തുടര്‍ച്ചയായി പുറത്ത് വരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more