പാരിസ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ താമസിക്കുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ വസതിയിലെന്ന് റിപ്പോര്‍ട്ട്.
The Chateau Louis XIV എന്നറിയപ്പെടുന്ന കൊട്ടാരം പാരിസിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്.
2015ലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ കൊട്ടാരം വാങ്ങിയത്. അന്ന് ‘ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
ഫ്രഞ്ച് രാജകുടുംബത്തിന്റെ കേന്ദ്രമായിരുന്ന വെര്‍സൈല്‍സ് കൊട്ടാരത്തിന്റെ അതിഗംഭീരമായ ആഡംബരത്തെ അനുകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു പാരീസിനു പുറത്ത് The Chateau Louis XIV നിര്‍മിച്ചത്.
7,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വീട് 2015ല്‍ പേര് വെളിപ്പെടുത്താത്ത ഒരാള്‍ 275 ദശലക്ഷം യൂറോയ്ക്ക് (അന്ന് 300 ദശലക്ഷം ഡോളര്‍) വാങ്ങിയതായിരുന്നു. ‘ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്’ എന്നാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍ ഈ വീടിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ വീടിന്റെ യഥാര്‍ത്ഥ ഉടമയെന്ന് രണ്ട് വര്‍ഷത്തിന് ശേഷം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
വിവിധ ഷെല്‍ കമ്പനികളുടെ ഉടമസ്ഥതയിലൂടെയാണ് ഇത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉടമസ്ഥതക്ക് കീഴില്‍ വന്നത്.
വ്യാഴാഴ്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള അത്താഴ കൂടിക്കാഴ്ചക്ക് മുന്നോടിയായി എം.ബി.എസ് ഈ വീട്ടില്‍ താമസിച്ചുവെന്ന് പ്രാദേശിക സര്‍ക്കാര്‍ അധികൃതര്‍ എ.എഫ്.പിയോട് സ്ഥിരീകരിച്ചു.
അന്തരിച്ച സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കസിന്‍ സഹോദരനായ എമാഡ് ഖഷോഗ്ജിയാണ് (Emad Khashoggi) ഈ ആഡംബര ഗൃഹം നിര്‍മിച്ചത്. ഫ്രാന്‍സില്‍ ലക്ഷ്വറി പ്രോപര്‍ട്ടി ഡവലപ്‌മെന്റ് ബിസിനസ് നടത്തുകയാണ് എമാഡ് ഖഷോഗ്ജി.
2009ലാണ് ഈ കൊട്ടാരം നിര്‍മിച്ചത്.
അതേസമയം, സൗദിയുടെ കിരീടാവകാശിയായി അധികാരമേറ്റത് മുതല്‍ തന്നെ എം.ബി.എസിന്റെ ആഡംബര ജീവിതശൈലി നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Content Highlight: Saudi Prince Muhammad bin Salman Staying in ‘World’s Most Expensive Home’ in Paris, Built by Jamal Khashoggi’s Cousin