| Thursday, 20th August 2020, 7:13 pm

നീരസം മാറാതെ സൗദി, പാക് സൈനിക തലവന് സല്‍മാന്‍ രാജകുമാരനെ കാണാനായില്ല, ഖേദമറിയിച്ചിട്ടും ഫലമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പാകിസ്താനോടുള്ള സൗദി അറേബ്യയുടെ നീരസത്തിന് അയവില്ല. സമവായത്തിനായി സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവന്‍ ജാവേദ് ബജ്വയെ കാണാന്‍ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂട്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സല്‍മാന്‍ രാജകുമാരന് പകരം ഇദ്ദേഹത്തിന്റെ സഹോദരനും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സല്‍മാനെയും സൗദി ചീഫ് ജനറല്‍ സ്റ്റാഫിനെയുമാണ് ബജ്‌വയ്ക്ക് കാണാനായത്. നേരത്തെ സൗദി സൈനിക തലവന്‍മാരുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീര്‍ വിഷയത്തിലെ സൗദിക്കെതിരെയുള്ള പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയുടെ പരാമര്‍ശത്തില്‍ ബജ്‌വ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പ്രധാനമായും സൈനിക കാര്യങ്ങളാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയുടെ നേതൃത്വത്തില്‍ പാകിസ്താന്‍, മലേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിക്കൊണ്ടുള്ള നീക്കത്തില്‍ സൗദി ബജ്വവേയാട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം കൗണ്‍സില്‍ ( ഒ.ഐ.സി) യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

അടുത്തിടെ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു.

വിഷയത്തില്‍ തങ്ങളുടെ വികാരം ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു.

പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു.

പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ സൗദി പുതുക്കിയിട്ടില്ല.. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും. പാകിസ്താനിലെത്തിക്കാനുള്ള കരാറാണിത്.

ഇതിനൊപ്പം നല്‍കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാകിസ്താനെ സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more