| Thursday, 8th October 2020, 10:40 pm

റോഹിംഗ്യന്‍ വംശജര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കണം, ബംഗ്ലാദേശിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് നല്‍കണമെന്ന് സൗദി അറേബ്യ. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത പക്ഷം സൗദിയിലുള്ള ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് സൗദിയുടെമുന്നറിയിപ്പ് . 40 വര്‍ഷത്തോളമായി അഭയാര്‍ത്ഥികളായി കഴിയുന്ന 54000 ത്തോളം റോഹിംഗ്യന്‍ വംശജരാണ് സൗദിയിലുള്ളത്.

സെപ്റ്റംബറില്‍ സൗദി ഇക്കാര്യം ബംഗ്ലാദേശിനോട് സൂചിപ്പിച്ചിരുന്നെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ അഭയാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയാല്‍ അവര്‍ രാജ്യമില്ലാത്തവരായി തുടരില്ലെന്നാണ് സൗദി നല്‍കിയ നിര്‍ദ്ദേശം എന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മൊമെന്‍ പറഞ്ഞത്.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല.

‘ അഭയാര്‍ത്ഥികളില്‍ മിക്കവരും ബംഗ്ലാദേശിലേക്ക് ഇതുവരെ വന്നിട്ടില്ല. ഈ രാജ്യത്തെ പറ്റി ഒന്നുമവര്‍ക്ക് അറിയില്ല. സൗദി സംസ്‌കാരത്തെക്കുറിച്ചു മാത്രമേ അവര്‍ക്കറിയൂ. അറബിയാണ് അവര്‍ സംസാരിക്കുന്നതും’ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി സെപ്റ്റംബറിലെ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ഒപ്പം റോഹിംഗ്യന്‍ വംശജര്‍ മ്യാന്‍മര്‍ പൗരരാണെന്ന് സൗദിക്കറിയാമെന്നും മ്യാന്‍മര്‍ സര്‍ക്കാരുമായി സൗദി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

20 ലക്ഷത്തോളമാണ് സൗദിയിലെ ബംഗ്ലാദേശികളുടെ എണ്ണം. ബംഗ്ലാദേശിലേക്ക് വരുന്ന വലിയൊരു വരുമാനവും സൗദി പ്രവാസികള്‍ വഴിയാണ്. ഈ സാഹചര്യത്തില്‍ സൗദിയുടെ സമ്മര്‍ദ്ദത്തെ ബംഗ്ലാദേശിന് അവഗണിക്കാനാവില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more