സൗദി, യു.എ.ഇ സമ്മര്‍ദ്ദം: യുദ്ധത്തില്‍ പരുക്കേറ്റ യെമനികള്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ നിഷേധിച്ചതായി ആരോപണം
Middle East
സൗദി, യു.എ.ഇ സമ്മര്‍ദ്ദം: യുദ്ധത്തില്‍ പരുക്കേറ്റ യെമനികള്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ നിഷേധിച്ചതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 2:13 pm

 

സനാ: സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യെമനികള്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ നിഷേധിച്ചതായി ആരോപണം. യുദ്ധത്തില്‍ പരുക്കു പറ്റിയ യെമിനികള്‍ക്ക് മെഡിക്കല്‍ വിസ നല്‍കുന്നത് ഒമാനിലെ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് യെമനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അറബി21 റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ത്യന്‍ ആശുപത്രിയില്‍ ചികിത്സ തേടാനായി പരുക്കേറ്റ 150 പട്ടാളക്കാര്‍ ആഗസ്റ്റില്‍ ഒമാനിലെത്തിയിരുന്നു. എന്നാല്‍ 90 പട്ടാളക്കാര്‍ക്ക് ഹ്രസ്വകാലത്തേക്കുള്ള പ്രത്യേക മെഡിക്കല്‍ വിസ അനുവദിച്ചതിനുശേഷം ഇന്ത്യ വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.

Also Read:“അത് രാഷ്ട്രീയമായ എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അറസ്റ്റ് തന്നെ: അഞ്ച് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ചന്ദ്രചൂഢ്

ഇതിനു പിന്നില്‍ യു.എ.ഇ, സൗദി സമ്മര്‍ദ്ദമാണെന്നാണ് എംബസിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തൈസിലെ പ്രമുഖ റസിസ്റ്റന്റ് കമാന്‍ഡറായ ഹമൗദ് സെയ്ദ് അല്‍ മിഖ്‌ലാഫിയാണ് ഈ കാമ്പെയ്ന്‍ സംഘടിപ്പിച്ചതെന്നതിനാലാണ് ഇവര്‍ ഇതു ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

യെമനിലെ സര്‍ക്കാര്‍ അനുകൂല സൈന്യത്തെ നിയന്ത്രിക്കുന്നത് മിഖ്‌ലാഫിയാണ്. അദ്ദേഹത്തിന് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ യെമനി രൂപമായ യെമനി കോണ്‍ഗ്രിഗേഷന്‍ ഫോര്‍ റിഫോമുമായി നല്ല ബന്ധമുണ്ട്. ഇവരും സൗദി, യു.എ.ഇയുമായും അത്ര രസത്തിലല്ല. അതിനാലാണ് ഇവര്‍ ഇത്രയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കാമ്പെയ്ന്‍ മിഖാഫിയ്ക്ക് നല്‍കുന്ന പ്രാധാന്യവും അതിന് ഒമാനില്‍ ലഭിച്ച സ്വീകരണവും സൗദിയിലും യു.എ.ഇയിലും ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എംബസിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.