റിയാദ്: സൗദി അറേബ്യയിലെ മതപണ്ഡിതന്‍ യൂസഫ് അല്‍-അഹമ്മദിന് നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017 സെപ്തംബറിലാണ് സൗദി ഇദ്ദേഹത്തെ തടവിലാക്കിയത്.
പുരോഹിതനായ സല്‍മാന്‍ അല്‍- ഒദ ഉള്‍പ്പെടെ സൗദിയിലെ മത പ്രാസംഗികരെയും സര്‍ക്കാര്‍ വിമര്‍ശകരെയും കൂട്ടമായി അറസ്റ്റ് ചെയ്ത ഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും അറസ്റ്റ്.
നാല് വര്‍ഷത്തെ യാത്രാ വിലക്കിന് ശേഷമാണ് യൂസഫ് അല്‍-അഹമ്മദിന് സൗദി തടവ് ശിക്ഷ വിധിക്കുന്നത്. മനുഷ്യാവകാശ സംഘടനകളും ഇദ്ദേഹത്തിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പുസ്തക മേളയില്‍ പങ്കെടുത്തു, ജയിലിലെ തടവുകാരെ സന്ദര്‍ശിച്ചു എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് നേരെ ചുമത്തിയിരിക്കുന്നത്.
മൂന്ന് വര്‍ഷം തടവ് ശിക്ഷ നേരത്തെ തന്നെ അനുവഭിച്ചതിനാല്‍ അടുത്ത സെപ്തംബറില്‍ യൂസഫിന് പുറത്തിറങ്ങാന്‍ സാധിക്കും.
2011ല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ പോലുമില്ലാതെ നിരവധി പേരെ തടവിലാക്കിയ സൗദിയുടെ നടപടിയെ വിമര്‍ശിച്ചതിന് അഹമ്മദിനെതിരെ 2011ല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു.ഭരണാധികാരിക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നതിനും കുറ്റം ചുമത്തിയിരുന്നു. 2012ല്‍ ഇദ്ദേഹത്തിന് സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുളള അസീസ് മാപ്പ് നല്‍കുകയായിരുന്നു.