സഹോദരിയുടെ പാസ്‌പോര്‍ട്ട് അയാള്‍ പിടിച്ചെടുക്കുകയും ജിദ്ദയിലേക്ക് പോവുകയും ചെയ്തു. അയാള്‍ ഇപ്പോള്‍ ആദ്യ ഭാര്യയോടൊപ്പം ആണ് കഴിയുന്നത്. സൗദിയില്‍ നിന്നും രക്ഷപ്പെടാനോ വിവാഹമോചനം നേടാനോ ആവാത്ത സ്ഥിതിയാണുള്ളത്. എന്താണൊരു പരിഹാരം?
ഭാഗം: 28
ചോദ്യം 1
എന്റെ സഹോദരിക്ക് വേണ്ടിയാണ് ഞാന്‍ എഴുതുന്നത്. 2014 ജനുവരിയില്‍ റിയാദില്‍ ബിസനസ് നടത്തുന്ന ഒരാളുമായി അവളുടെ വിവാഹം നാട്ടില്‍ വെച്ച് നടന്നു. രണ്ടു മാസത്തിനുള്ളില്‍ അവളെ റിയാദില്‍ കൊണ്ടുവന്നു. അവര്‍ ഒരു ഫ്‌ലാറ്റില്‍ താമസവുമായി. അധികം താമസിയാതെ അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി.
അയാള്‍ക്ക് സൗദിയില്‍ തന്നെ മറ്റൊരു ഭാര്യ ഉള്ളതായി എന്റെ സഹോദരി മനസ്സിലാക്കി. ആ വിഷയത്തെച്ചൊല്ലി അവര്‍ തമ്മില്‍ എന്നും വഴക്ക് കൂടുകയും അവളെ അയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ അവള്‍ റിയാദിലെ എന്റെ വീട്ടിലേക്ക് വന്നു. താമസിയാതെ റിയാദിലെ ശരിയത്ത് കോടതിയില്‍ വിവാഹമോചനത്തിനായി ഞങ്ങള്‍ കേസ് കൊടുത്തു. വിവാഹമോചനത്തിന് അയാള്‍ തയ്യാറല്ല.
പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍പ്പാക്കാന്‍ കോടതി അവരെ ഉപദേശിച്ചു. ഇതിനിടക്ക് സഹോദരിയുടെ പാസ്‌പോര്‍ട്ട് അയാള്‍ പിടിച്ചെടുക്കുകയും ജിദ്ദയിലേക്ക് പോവുകയും ചെയ്തു. അയാള്‍ ഇപ്പോള്‍ ആദ്യ ഭാര്യയോടൊപ്പം ആണ് കഴിയുന്നത്. സൗദിയില്‍ നിന്നും രക്ഷപ്പെടാനോ വിവാഹമോചനം നേടാനോ ആവാത്ത സ്ഥിതിയാണുള്ളത്. എന്താണൊരു പരിഹാരം?
നിസ്സാം, റിയാദ്
ഉത്തരം
നിങ്ങളുടെ സഹോദരിയുടെ സങ്കീര്‍ണ്ണമായ കുടുംബപ്രശ്‌നത്തിന് ലഘുവായ ഒരു പരിഹാരം സാദ്ധ്യമല്ല. എങ്കിലും ചില കാര്യങ്ങള്‍ നിര്‍ദേശിക്കാം.
(1) വിവാഹം കേരളത്തില്‍ നടന്നതിനാലും രണ്ടുപേരും ഇന്ത്യക്കാര്‍ ആയതിനാലും നാട്ടിലെ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ് ഉത്തമം. ആവശ്യമാണെങ്കില്‍ വിവാഹ മോചനം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ട്.
(2) സഹോദരിയുടെ ഭര്‍ത്താവ് പിടിച്ചു വച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിന് പോലീസില്‍ പരാതി കൊടുക്കാവുന്നതാണ്. നേരത്തേ കേസ്സില്‍ വാദം കേട്ട റിയാദിലെ കോടതിയെയും സമീപിക്കാവുന്നതാണ്.
(3) ഇത് നടന്നില്ലെങ്കില്‍ എംബസ്സിയില്‍ പരാതി കൊടുത്താല്‍ എംബസ്സി നിലവിലുള്ള പാസ്‌പോര്‍ട്ട് റദ്ദാക്കി ഒറ്റ യാത്രക്ക് മാത്രമായുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. (നാട്ടില്‍ ചെന്നിട്ട് വേറെ പാസ്‌പോര്‍ട്ട് എടുക്കാം)
(4) ഇന്ത്യയിലേക്ക് പോകുന്നതിനുള്ള “എക്‌സിറ്റ്” അടിക്കാനുള്ള അധികാരം ഭര്‍ത്താവിനാണ്. അയ്യാള്‍ അത് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.
(5) സൗദിയിലെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകള്‍ വഹിക്കുന്നതിന് കേന്ദ്ര പ്രവാസി മന്ത്രാലയത്തിന്റെ ഒരു പ്രത്യേക ക്ഷേമ പദ്ധതി (MOIA”s Scheme for giving legal / financial assistance to Indian women deserted by their overseas Indian / foreigner husbands) പ്രകാരമുള്ള ധനസഹായം (പരമാവധി 3000 അമേരിക്കന്‍ ഡോളര്‍) ലഭിക്കാന്‍ നിങ്ങളുടെ സഹോദരിക്ക് അര്‍ഹത ഉണ്ട്. ഈ ധനസഹായം എംബസ്സി വഴി വിതരണം ചെയ്യുന്നതിനാല്‍ കേസിന്റെ വിശദ വിവരങ്ങള്‍ വെച്ച് റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് ഒരു നിവേദനം കൊടുക്കണം. വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു തരുന്നതിനു എംബസ്സിയുടെ ഒരു പ്രതിനിധിയുടെ സേവനവും ആവശ്യപ്പെടാവുന്നതാണ്.
ചോദ്യം 2
ഞാന്‍ സൗദിയില്‍ റിയാദില്‍ ഒരു കമ്പനിയില്‍ ഡിസൈനറായി വര്‍ക്ക് ചെയുന്നു. 2014 ജൂണില്‍ ഫാമിലി വിസയില്‍ എന്റ കുടുംബം റിയാദില്‍ വന്നു, ഇക്കാമ എടുക്കാന്‍ ഞാന്‍ കമ്പനിയില്‍ എല്ലാ ഡോക്യുമെന്റും കൊടുത്തു. പക്ഷെ എന്റ രണ്ട് കുട്ടികള്‍ക്കും ഭാര്യക്കും ഇക്കാമ ഫീസായി 1500 സൗദി റിയാല്‍ കൊടുക്കേണ്ടിവന്നു. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റ് ഫീസ് ആണെന്ന് പറഞ്ഞു. ആദ്യത്തെ ഇക്കാമക്ക് ഒരാള്‍ക്ക് 500 റിയാല്‍ കൊടുക്കണം എന്നു പറഞ്ഞു. ഞാന്‍ പുറത്തുള്ള സര്‍വീസ് സെന്ററില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫീസ് ഇല്ല എന്നറിയാന്‍ കഴിഞ്ഞു. ഇത് ശരിയാണോ ? ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്?
പേരും വിലാസവും പ്രസിദ്ധപ്പെടുത്തരുത്.
ഉത്തരം
സര്‍വീസ് ഏജന്‍സി പറഞ്ഞത് വാസ്തവമാണ്. ആദ്യത്തെ ഇക്കാമ എടുക്കുന്നതിനു ഒരു തരത്തിലുള്ള ഫീസും കൊടുക്കേണ്ടതില്ല. കമ്പനിയില്‍ കൊടുത്ത കാശ് തിരികെ വാങ്ങാവുന്നതാണ്. (എന്നാല്‍, ഭാര്യ നിങ്ങളില്‍ നിന്നും വ്യത്യസ്തമായി, വേറൊരു മതത്തില്‍ പെട്ട ആളാണെങ്കില്‍ ഇക്കാമ ഫീസ് 500 റിയാല്‍ കൊടുക്കേണ്ടി വരും).
ഇപ്പോള്‍ ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന കാര്യംകൂടി ഓര്‍ക്കുക.
രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ നിങ്ങള്‍ നേരിട്ടു പോയാല്‍ ജവാസത്തില്‍ നിന്നും ഒരു ദിവസം കൊണ്ടുതന്നെ ഇക്കാമ കിട്ടും.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…