| Tuesday, 22nd October 2024, 8:16 am

ഹമാസ്-ഹിസ്ബുല്ല നേതാക്കളെ ഭീകരവാദികളായി മുദ്രകുത്തി സൗദി ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഹമാസ്-ഹിസ്ബുല്ല നേതാക്കളെ ഭീകരവാദികളായി ചിത്രീകരിച്ച സൗദി ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലിനെതിരെ വിമര്‍ശനം. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കള്‍ ഭീകരവാദികളാണെന്ന് പറഞ്ഞുകൊണ്ട് എം.ബി.സി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.

ഹമാസ് തലവന്മാരായിരുന്ന ഇസ്മായില്‍ ഹനിയയെയും യഹ്യ സിന്‍വാറിനെയും ന്യൂസ് ചാനല്‍ ഭീകരവാദികളെന്ന് മുദ്രകുത്തി. ഇറാനില്‍ നടന്ന ആക്രമണത്തിലാണ് ഇസ്മായില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ പിന്നില്‍ ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹമാസ് തലപ്പത്തേക്കെത്തിയ സിന്‍വാറിനെ ഗസയില്‍ നടന്ന ആക്രമണത്തില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ സിന്‍വാറാണെന്നായിരുന്നു ഇസ്രഈലിന്റെ വാദം.

ഇവര്‍ക്ക് പുറമെ 2020ല്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയും 2011ല്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനും ഭീകരവാദികളാണെന്ന് എം.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ന്യൂസ് ചാനലിനെതിരെ വിമര്‍ശനം ഉയരുകയായിരുന്നു. ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ മാധ്യമസ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലേക്ക് ഇരച്ചുകയറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എം.ബി.സിയുടെ കെട്ടിടത്തിന് പ്രതിഷേധക്കാര്‍ തീയിടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചട്ടലംഘനം നടത്തിയതിന് എം.ബി.സി ന്യൂസിന്റെ ലൈസന്‍സ് ഇറാഖ് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടുന്ന നേതാക്കളെ ആക്രമിച്ചതിലൂടെ സ്ഥാപനം മാധ്യമ സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നും രക്തസാക്ഷികള്‍ക്കെതിരായ നീക്കത്തില്‍ നടപടിയെടുത്തിരിക്കുന്നുവെന്നാണ് ഇറാഖ് സ്റ്റേറ്റ് മീഡിയ എം.ബി.സി ന്യൂസിനെ അറിയിച്ചത്.

പ്രതിഷേധം രൂക്ഷമായതോടെ സൗദി അറേബ്യയുടെ മീഡിയ അതോറിറ്റി എം.ബി.സിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്തിന്റെ മാധ്യമനയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും മീഡിയ അതോറിറ്റി അറിയിച്ചു. നടപടി എടുക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 42,589 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം ഗസയിലെ വംശഹത്യയില്‍ ഇസ്രഈല്‍ സൈന്യം കഴിഞ്ഞ ദിവസം വലിയ തിരിച്ചടി നേരിട്ടിരുന്നു. ഗസയില്‍ പെട്രോളിങ് നടത്തുന്നതിനിടെ ഇസ്രഈല്‍ പ്രതിരോധ സേനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളായ കേണല്‍ എഹ്‌സാന്‍ ദഖ്‌സ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സൈന്യത്തിലെ മറ്റൊരു ബറ്റാലിയന്‍ കമാന്‍ഡര്‍ക്കും രണ്ട് ഓഫീസര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതാദ്യമായാണ് ഇസ്രഈല്‍ സൈന്യത്തിന് ഹമാസിന്റെ ഭാഗത്ത് നിന്ന് ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.

Content Highlight: Saudi-owned news channel labels Hamas-Hezbollah leaders as terrorists

Latest Stories

We use cookies to give you the best possible experience. Learn more