'റഷ്യയെ മറികടന്ന് സൗദി'; ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യം
World News
'റഷ്യയെ മറികടന്ന് സൗദി'; ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th September 2022, 3:37 pm

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യം സൗദി അറേബ്യ. റഷ്യയെ പിന്തള്ളികൊണ്ടാണ് സൗദി ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്.

മൂന്ന് മാസത്തിന് ശേഷമാണ്, നേരിയ മാര്‍ജിനില്‍ റഷ്യയെ പിന്തള്ളി സൗദി രണ്ടാമതെത്തുന്നത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരിക്കുന്നത് ഇറാനില്‍ നിന്നാണ്. തുടര്‍ച്ചയായി ഇറാന്‍ തന്നെയാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരെന്ന ‘നേട്ടം’ സ്വന്തമാക്കുന്നതെന്നും വിവിധ വ്യവസായ, വ്യാപാര ഡാറ്റകളെ ഉദ്ധരിച്ചുകൊണ്ടുള്ള റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി, ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ.

സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം 8,63,950 ബാരല്‍ ക്രൂഡ് ഓയിലാണ് (ബി.പി.ഡി) ഓഗസ്റ്റില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. മുമ്പത്തെ മാസത്തിനേക്കാള്‍ 4.8 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഓഗസ്റ്റ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ പര്‍ച്ചേസില്‍ 2.4 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 8,55,950 ബാരല്‍ ക്രൂഡ് ഓയിലാണ് ഓഗസ്റ്റില്‍ ഇന്ത്യ റഷ്യയില്‍ നിന്നും പ്രതിദിനം ഇറക്കുമതി ചെയ്തത്.

ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഉക്രൈന്‍ അധിനിവേശം കാരണം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യ രണ്ടാം സ്ഥാനത്തേക്കെത്തിയത്.

Content Highlight: Saudi overtakes Russia to become India’s second largest oil supplier in August