'ആര്‍ക്കെതിരെയും വധഭീഷണി മുഴക്കിയിട്ടില്ല'; ഖഷോഗ്ജി വധത്തില്‍ യു.എന്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വിവാദമായപ്പോള്‍ വിശദീകരണവുമായി സൗദി
World News
'ആര്‍ക്കെതിരെയും വധഭീഷണി മുഴക്കിയിട്ടില്ല'; ഖഷോഗ്ജി വധത്തില്‍ യു.എന്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വിവാദമായപ്പോള്‍ വിശദീകരണവുമായി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th March 2021, 2:02 pm

റിയാദ്: ജമാല്‍ ഖഷോഗ്ജി വധത്തില്‍ അന്വേഷണം നടത്തിയ യു.എന്‍ ഉദ്യോഗസ്ഥയെ സൗദി അറേബ്യ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവാദ് അലവാദ്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ താനാണെന്നും എന്നാല്‍ ഭീഷണിപ്പെടുത്തുന്ന ഒരു പ്രസ്താവനയും യു.എന്‍ ഉദ്യോഗസ്ഥയായ ആഗ്നസ് കല്ലമാര്‍ഡിനെതിരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” എനിക്ക് കൃത്യമായി നടന്ന സംഭാഷണങ്ങള്‍ ഓര്‍മയില്ല. യു.എന്‍ നിയമിച്ച ഒരു ഉദ്യോഗസ്ഥയെ ഞാനൊരിക്കലും ഭീഷണിപ്പെടുത്തില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഭീഷണിയായി വ്യാഖാനിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്,” അദ്ദേഹം പറഞ്ഞു.

ഗാര്‍ഡിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജമാല്‍ ഖഷോഗ്ജി വധത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തിയ തനിക്കെതിര വധഭീഷണിയുണ്ടായിരുന്നെന്ന് ആഗ്‌നസ് തുറന്നു പറഞ്ഞത്.

ആഗ്‌നസിനെ യു.എന്‍ അടക്കി നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞുവെന്നും അഗ്‌നസ് ഗാര്‍ഡിയനോട് വെളിപ്പെടുത്തി. 2020 ജനുവരിയിലായിരുന്നു സംഭവം.

2018ല്‍ നടന്ന ഖഷോഗ്ജി വധത്തില്‍ ഏറ്റവും ആദ്യം അന്വേഷണം നടത്തിയത് ആഗ്‌നസായിരുന്നു.

2019 ജൂണില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നൂറ് പേജ് വരുന്ന റിപ്പോര്‍ട്ടും ആഗ്‌നസ് പ്രസിദ്ധീകരിച്ചിരുന്നു. കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ഖഷോഗ്ജിയുടെ കൊലപാതകം അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും ആഗ്‌നസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടും കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi official denies threat to harm UN Khashoggi investigator