മുസ്‌ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
World
മുസ്‌ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th March 2014, 12:45 am

[share]

[]റിയാദ്: സായുധ സംഘമായ മുസ്‌ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. മുസ്‌ലീം ബ്രദര്‍ഹുഡിനെ കൂടാതെ ദാഇശ്, നുസ്‌റ, അന്‍സാറുല്ല, ഹിസ്ബുല്ല ഗ്രൂപ്, ഹൂതികള്‍ എന്നീ സംഘടനകളേയും  ഭീകരവാദ സംഘടനകളായി സൗദി അറേബ്യ  പ്രഖ്യപിച്ചിട്ടുണ്ട്.

രാജനിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര, വിദേശ, ഇസ്‌ലാമിക, നീതിന്യായമന്ത്രാലയങ്ങളും പബ്‌ളിക് പ്രോസിക്യൂഷന്‍ വിഭാഗവും അടങ്ങുന്ന പ്രത്യേകസമിതി തയാറാക്കിയ  പട്ടികയാണ് ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ടത്.

യുക്തിവാദം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും മുസ് ലിം വിശ്വാസങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഭരണത്തേയോ ഭരണനേതൃത്വത്തേയോ എതിര്‍ക്കുന്ന രാജ്യത്തിനകത്തും പുറത്തമുള്ള ശക്തികളെ പിന്തുണക്കുന്നതും സൗദി അറേബ്യ വിലക്കിയിട്ടുണ്ട്.

ഇത്തരം സംഘടനകളെയോ ഗ്രൂപ്പുകളെയോ പിന്തുണക്കുന്നതും അനുഭാവം പുലര്‍ത്തുന്നതും കുറ്റകരമാണ്. ഈ സംഘടനകള്‍ക്ക് വേണ്ടി  ദൃശ്യ, ശ്രാവ്യ, അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചാരണം നടത്താന്‍ പാടില്ല. ഈ സംഘങ്ങളുടെ ലേഖനങ്ങളോ പ്രതീകങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നതിനും  പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ഈ സംഘടനകള്‍ക്ക് ഏതു രീതിയിലുള്ള സാമ്പത്തികസഹായം നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്.

മറ്റു രാജ്യങ്ങളിലെ സംഘര്‍ഷങ്ങളിലും കലാപങ്ങളിലും പങ്കുചേരുകയോ അതിനു പ്രേരിപ്പിക്കുകയോ പാടില്ലെന്നും വ്യക്തമാക്കിയ ഭരണകൂടം സിറിയയില്‍ പോരാട്ടം തുടരുന്ന സൗദി പൗരന്‍മാര്‍ 15 ദിവസത്തിനകം സൗദിയിലേക്ക് തിരച്ചുവരണമെന്നും ആവശ്യപ്പെട്ടു.

ബ്രദര്‍ഹുഡിന്റെ ശക്തി കേന്ദ്രമായ ഈജിപ്തില്‍ കഴിഞ്ഞ ഡിസംബറില്‍ സംഘടനയെ  സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ നിരോധിച്ചിരുന്നു.