| Saturday, 2nd September 2023, 2:59 pm

പണത്തിന്റെ കാര്യത്തില്‍ സൗദിയോട് മത്സരിക്കാനാവില്ല; അടുത്ത ലക്ഷ്യം ഞാനായിരിക്കും: ബെന്‍ സ്റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ ലീഗുകളെയെല്ലാം മറികടന്നുകൊണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൗദി ലീഗ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. വമ്പന്‍ തുക മുടക്കിയാണ് സൗദി യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. സൗദിയെ ഒരു ആഗോള ക്രിക്കറ്റ് ഡെസ്റ്റിനേഷനാക്കുകയാണ് അടുത്ത ലക്ഷ്യം. അതിനായി മുന്നോട്ട് വന്നിരിക്കുകയാണ് സൗദി ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ അല്‍ സൗദ്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്.

സൗദിയില്‍ നിന്ന് ക്രിക്കറ്റ് മേഖലയിലേക്ക് വമ്പന്‍ ഓഫറുകള്‍ എത്തിയാല്‍ അത് കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അടുത്ത സൈനിങ് താനായിരിക്കുമെന്നും ബെന്‍ സ്റ്റോക്സ് പറഞ്ഞു.

‘നിങ്ങള്‍ക്ക് സൗദിയുമായി മത്സരിക്കാനാവില്ല. മറ്റ് കായിക ഇനങ്ങളില്‍ സൗദി ചെലവഴിക്കുന്ന തുക വളരെ വലുതാണ്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി കായികമേഖലയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവും. ക്രിക്കറ്റ്, ഫുട്‌ബോള്‍, റഗ്ബി, ഗോള്‍ഫ് എന്നിവ മാത്രമല്ല, കായിക ലോകത്തുണ്ടാകുന്ന മാറ്റം കാണുന്നത് രസകരമായിരിക്കും,’ സ്റ്റാക്സ് പറഞ്ഞു.

ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച കായിക ഇനം ക്രിക്കറ്റ് ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും ലാഭകരമായ ലീഗുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ സ്റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങളെ കൂടുതല്‍ ആകര്‍ഷിക്കും. എന്നാല്‍ സൗദി അറേബ്യയിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിക്കും.

ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെ ആകര്‍ഷിപ്പിക്കുന്നതിനായി സൗദി പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഓസ്ട്രേലിയന്‍ പത്രങ്ങളായ സിഡ്നി മോണിങ് ഹെറാള്‍ഡും ദി ഏജും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറബ് എമിറൈറ്‌സ് പുതിയ മത്സരങ്ങള്‍ സംഘടിപ്പിക്കുമോയെ ന്ന് കണ്ടറിയണം.

കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയ സൗദി ക്ലബ് അല്‍ നസര്‍ ആണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പ്യന്‍ ടോപ് ഫൈവ് ലീഗില്‍ കളിച്ചിരുന്ന ഒരു പിടി മികച്ച താരങ്ങളെയും സൗദി സ്വന്തമാക്കി.

കരിം ബെന്‍സിമ, നെയ്മര്‍, സാദിയോ മാനെ, റിയാദ് മഹറെസ്, ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സന്‍, റോബര്‍ട്ടോ ഫിര്‍മിനോ, എഡ്വാര്‍ഡോ മെന്‍ഡി എന്നിവരെല്ലാം സൗദിയിലേക്ക് ചേക്കേറുകയുണ്ടായി. ഈ വമ്പന്‍ താരങ്ങളുടെ വരവോടെ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സൗദി.

Content Highlights: Saudi money is unbeatable says Ben Stokes

We use cookies to give you the best possible experience. Learn more