| Tuesday, 19th December 2017, 8:03 pm

ഹൂതി വിമതരുടെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം ആകാശത്തു വെച്ച് തകര്‍ത്ത് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ:സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തകര്‍ത്തതായി സൗദി സുരക്ഷാ വക്താവ് അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് മിസൈല്‍ അക്രമണം നടത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ മിസൈലാണ് യെമനില്‍ നിന്നും സൗദി തലസ്ഥാനത്തെ ലക്ഷ്യമാക്കി വരുന്നത്.

ഇന്ന് ഉച്ചയോടെ റിയാദിന്റെ തെക്കു ഭാഗത്താണ് സംഭവം. റിയാദിലെ അല്‍ യാമാമ പാലസിനെ ലക്ഷ്യമിട്ടാണ് മിസൈല്‍ അക്രമണമെന്നാണ് കരുതുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തിന്റെ വാര്‍ഷിക ബജറ്റ് പാലസില്‍ ഇന്ന് ചര്‍ച്ചചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

നവംബര്‍ നാലിന് റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിനെ ലക്ഷ്യമിട്ടും ഹൂതികള്‍ ബാലിസ്റ്റിക്ക് മിസൈല്‍ അക്രമണം നടത്തിയിരുന്നു. ഇത് സൗദി ഭരണകൂടത്തെ പ്രകോപിപ്പിക്കുകയും യമനിനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിലേക്കും എത്തിച്ചിരുന്നു. യമനില്‍ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം മക്കയെ ലക്ഷ്യമാക്കി തൊടുത്ത മിസൈലും സഖ്യസേന തകര്‍ത്തിരുന്നു. ഹൂതികള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നും തങ്ങളെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നുമാണ് സൗദിയുടെ ആരോപണം.

യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി അധികാരം പിടിച്ച ഹൂതി വിമതര്‍ക്കെതിരെ 2015 മാര്‍ച്ചിലാണ് സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയത്. നിലവില്‍ തലസ്ഥാനമായ സന അടക്കമുള്ള പ്രദേശങ്ങളാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ളത്.

എന്നാല്‍ സൗദി സഖ്യസേനയാണ് നിലവിലെ യുദ്ധം തുടങ്ങിയതെന്നാണ് ഹൂതികള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ടോളം മിസൈലുകളാണ് ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ചത്. ഇതിന് മറുപടിയായി അമേരിക്കന്‍ പിന്തുണയോടെ നിരവധി വ്യോമാക്രമണങ്ങള്‍ സൗദി സഖ്യസേന നടത്തിയിരുന്നു

We use cookies to give you the best possible experience. Learn more