സൗദിയില്‍ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ തടവും പിഴയും
Middle East
സൗദിയില്‍ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ തടവും പിഴയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 8:01 am

റിയാദ്: അനുവാദമില്ലാതെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോണ്‍ പരിശോധിച്ചാല്‍ തടവുശിക്ഷയും പിഴയും ലഭിക്കുമെന്ന് സൗദി അറേബ്യ. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് സൗദിയുടെ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ.

പങ്കാളിയുടെ ഫോണിലെ ചിത്രങ്ങളും വിവരങ്ങളും കൈമാറ്റം ചെയ്യുകയോ അനുവാദമില്ലാതെ ശേഖരിക്കുകയോ ചെയ്താല്‍ ശിക്ഷയുടെ വ്യാപ്തികൂടും. കംപ്യൂട്ടറിലെ വിവരങ്ങള്‍ക്കും ഇത് ബാധകമാണ്. സ്വകാര്യവിവരങ്ങള്‍ ഇത്തരത്തില്‍ അനധികൃതമായി കൈവശപ്പെടുത്തി നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താലും ശിക്ഷലഭിക്കും. ഇത്തരത്തിലുള്ള നടപടികളെല്ലാം സൈബര്‍ നിയമത്തിന് കീഴില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.


Read Also : സംഘി ആയത് കൊണ്ട് കേരത്തിലെ മുസ്‌ലികള്‍ അക്രമിച്ച എത്ര പേരെ അനുശ്രീയ്ക്കറിയാം; വിദ്വേഷ പരാമര്‍ശം നടത്തിയ അനുശ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം


നേരത്തെ സൗദി അറേബ്യയില്‍ സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളുവെന്ന് ശഠിക്കരുതെന്ന് സൗദിയിലെ റോയല്‍ കോര്‍ട് ഉപദേഷ്ടാവ് പ്രഖ്യാപിച്ചിരുന്നു. മാന്യമായി വസ്ത്രം ധരിക്കാനാണ് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നതെന്നും മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ധമല്ലെന്നും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞിരുന്നു.

മുസ്‌ലിം ലോക രാജ്യങ്ങളിലെ 90 ശതമാനത്തോളം മുസ്‌ലിം സ്ത്രീകളും പര്‍ദ ധരിക്കാറില്ല. അതുകൊണ്ട് തന്നെ പര്‍ദ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കരുത്. സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്നാണ് സൗദി അറേബ്യയിലെ നിയമം. എന്നാല്‍ ഈ നിയമത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോയെന്ന കാര്യത്തില്‍ ഗവണ്‍മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.


Read AlSO : ‘ഖത്തര്‍ തങ്ങളുടെ യാത്രാവിമാനത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ചു’; ഐക്യരാഷ്ട്ര സഭയ്ക്ക് യു.എ.ഇയുടെ പരാതി


ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചും സൗദി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറക്കാതെ എത്തണമെന്ന നിര്‍ദേശവും കോടതി അടുത്തിടെ നല്‍കിയിരുന്നു.