| Monday, 17th June 2019, 1:36 pm

സൗദിയിലെ 'ഹലാല്‍ നൈറ്റ്ക്ലബ്ബ്' ആദ്യ ദിവസം തന്നെ അടച്ചുപൂട്ടി; അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: ജിദ്ദയില്‍ ആരംഭിച്ച ‘ഹലാല്‍ നൈറ്റ് ക്ലബ്ബ്’ ആദ്യ ദിവസം തന്നെ അധികൃതര്‍ പൂട്ടി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ച് പ്രവേശനം അനുവദിച്ചിരുന്ന ക്ലബ്ബ് ജൂണ്‍ 13നാണ് അടച്ചത്.

മറ്റൊരു പരിപാടിയ്ക്കാണ് അനുമതി നല്‍കിയിരുന്നതെന്നും എന്നാല്‍ സംഘാടകര്‍ നിയമലംഘനം നടത്തി പരിപാടി സംഘടിപ്പിക്കുകയായിരുന്നുവെന്നും സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പറഞ്ഞു.

‘പ്രൊട്ടെക്ട് എക്‌സ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ചയാണ് ജിദ്ദയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നത്. ഇതില്‍ ‘ഹലാല്‍ ഡിസ്‌കോ’ ആരംഭിയ്ക്കുമെന്നും മദ്യം വിതരണം ചെയ്യില്ലെന്നും 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും സംഘാടകര്‍ അവകാശപ്പെട്ടിരുന്നു.

മറ്റൊരു വീഡിയോയില്‍ ‘ഹലാല്‍ ബാര്‍’ ഉണ്ടെന്നും 370-500 സൗദി റിയാലിനിടയിലുള്ള ഹുക്ക ഉണ്ടെന്നും ഒരു സ്ത്രീ പറയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ലബ്ബിന്റെ ഉദ്ഘാടനത്തിനായി അമേരിക്കന്‍ ഗായകനാ നിയോ യെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ലബ്ബ് അടച്ചുപൂട്ടിയതിനാല്‍ വരുന്നില്ലെന്ന് അദ്ദേഹം ആരാധകരെ അറിയിക്കുകയുണ്ടായി.

We use cookies to give you the best possible experience. Learn more