റിയാദ്: സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കാനായ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സൗദി അറേബ്യ. 1.3 ട്രില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദി ഇപ്പോള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരിക്കുന്നത്.
സൗദി എണ്ണക്കമ്പനിയായ അരാംകോയും, പെട്രോകെമിക്കല്‍ സ്ഥാപനമായ സാബിക്കുമാണ് ഇത് നിയന്ത്രിക്കുന്നത്.
ചൊവ്വാഴ്ചയാണ് പുതിയ പ്രഖ്യാപനം സൗദി നടത്തിയത്. എണ്ണയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന സൗദിയുടെ സാമ്പത്തിക രംഗത്തെ മറ്റു മേഖലകളിലേക്ക് കൂടി വഴിതിരിച്ചു വിടാനും കൂടുതല്‍ കമ്പനികളെ സൗദിയിലേക്ക് ആകര്‍ഷിക്കാനുമാണ് സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം സൗദി അറേബ്യ നടത്തിയിരിക്കുന്നത്.
സൗദിയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ പകുതിയും പെട്രോളിയം ഉത്പന്നങ്ങളിലൂടെയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്വകാര്യ മേഖല വളരുന്നതോടു കൂടി ലക്ഷക്കണക്കിന് തൊഴിലവസരം സൗദിയില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കണക്കുകൂട്ടുന്നത്.
” പുതിയ പദ്ധതി സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതുമാണ്,” മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സൗദിയുടെ ശ്രമങ്ങള്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ സൗദി സ്വദേശിവത്കരണ നിയമത്തില്‍ ഇളവും നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.
നേരത്തെ തന്നെ മിഡില്‍ ഈസ്റ്റിലെ വിദേശ കമ്പനികളെ തങ്ങളിലേക്കടുപ്പിക്കാന്‍ സൗദി അറേബ്യ വലിയ ശ്രമങ്ങള്‍ നടത്തി തുടങ്ങിയിരുന്നു. പ്രാഥമിക ഘട്ടത്തിലുള്ള പ്രോഗ്രാം എച്ച് ക്യു എന്ന പദ്ധതിയിലൂടെ അന്താരാഷ്ട്ര ബിസിനസ് സംരഭകരോട് അവരുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിക്കുന്നത്. ഇത് പ്രധാനമായും ദുബായിയെ വെല്ലുവിളിക്കുന്നതാണ് എന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു.
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത് അവസാനിപ്പിക്കുമെന്നാണ് സൗദി അറിയിച്ചത്.
ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ മാത്രം ആശ്രയിച്ച് സൗദി അറേബ്യയുടെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്താതെ വാണിജ്യമേഖലയിലേക്കും കടക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
സൗദിയുടെ അടുത്ത സഖ്യകക്ഷിയായ യു.എ.ഇയിലെ ദുബായ് നഗരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മിഡില്‍ ഈസ്റ്റിലെ ബിസിനസ് ഹബ്ബായി വളര്‍ന്നിരുന്നു.