| Tuesday, 11th September 2018, 3:23 pm

മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്തുനിന്നു നീക്കാന്‍ സല്‍മാന്‍ രാജാവ് പദ്ധതിയിടുന്നതായി സ്പാനിഷ് പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഴ്‌സലോണ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് പത്രമായ പബ്ലികോ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിവാദമായ പദ്ധതികളിലും പ്രശ്‌നങ്ങളിലുമുള്ള കിരീടാവകാശിയുടെ ഇടപെടല്‍ ദേശീയ, അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

വിവിധ ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിലെ സമീപനത്തിലുളള വ്യത്യാസം ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയമാണ് ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഒന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:വത്തിക്കാന്‍ അടിയന്തരമായി ഇടപെടണം; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്

കിരീടാവകാശി ഇസ്രഈലിന് ഒപ്പം നിന്നിരുന്നു. എന്നാല്‍ ജൂലൈയില്‍ രാജാവ് ഫലസ്തീനികളെ പ്രതിരോധിച്ചു സംസാരിച്ചത് ഇവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് ഇടയാക്കി.

സൗദി സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായ സൗദി ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ 5% വില്‍ക്കാനുള്ള നീക്കം ഈയാഴ്ചയാദ്യം രാജാവ് റദ്ദാക്കിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന വിഷന്‍ 2030 എന്ന സ്വപ്‌നപദ്ധതിയിലെ പ്രധാന നീക്കങ്ങളില്‍ ഒന്നായിരുന്നു അരാംകോയുടെ വില്പന. എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്ക്ക് പകരം മത്സരാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്നതായിരുന്നു വിഷന്‍ 2030യുടെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞത്. എന്നാല്‍ അരാംകോ വില്‍പ്പന റദ്ദാക്കിയ നടപടി കിരീടാവകാശിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര തലത്തില്‍ നിന്നും സൗദി കിരീടാവകാശി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പതിനായിരത്തിലേറെ സാധാരണക്കാരെ കൊന്നൊടുക്കുന്ന യെമനിലെ സൗദി നേതൃത്വത്തിലുള്ള യുദ്ധത്തിലെ അദ്ദേഹത്തിന്റെ പങ്ക് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച യെമനുമേല്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 40ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ യു.എന്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ യെമനിനെതിരെയുള്ള യുദ്ധവുമായി മുന്നോട്ടുപോകുന്ന നിലപാടാണ് കിരീടാവകാശി സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more