| Saturday, 26th November 2022, 4:23 pm

ഫിഫ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സൗദി; നിയമം പാലിക്കുന്നവര്‍ക്കെല്ലാം സ്വാഗതമെന്ന് സൗദി രാജകുമാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2030ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയൊരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യയും. ഗ്രീസിനും ഈജിപ്തിനുമൊപ്പം ലോകകപ്പിന് ആതിഥേയരാകാന്‍ സൗദിയും താല്‍പര്യപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

ലോകകപ്പിന് ആതിഥേയര്‍ ആയാലും സൗദി മദ്യ നിരോധിത രാജ്യമായി തന്നെ തുടരുമെന്ന് സൗദിയിലെ കായിക മന്ത്രിയും, രാജകുമാരനുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. ഫിഫ ലോകകപ്പിന് ആതിഥേയത്വം ലഭിക്കുന്നതിന് അത് തടസമാകില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകകപ്പ് വേദിയായി സൗദി പരിഗണിക്കപ്പെടുമ്പോള്‍ മദ്യ വില്‍പന നിര്‍ബന്ധമാക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അത് ഇസ്‌ലാമോഫോബിയ ആകും . ലോകകപ്പ് എല്ലാവര്‍ക്കുമുള്ളതാണ്, സൗദിയുടെ നിയമത്തോട് എതിര്‍പ്പുള്ളവര്‍ ഇങ്ങോട്ടു വരാതിരിക്കുന്നതാണ് നല്ലത്. ഇവിടെ ആര്‍ക്കും വരാം, പങ്കെടുക്കാം. എല്‍.ജി.ബി.ടി.ക്യു.ഐ വിഭാഗങ്ങളില്‍ ഉള്‍പെടുന്നവരെ മാറ്റി നിര്‍ത്തില്ല. സൗദി അറേബ്യന്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി.

ഇവിടെ സ്ത്രീ – പുരുഷന്മാര്‍ പൊതുസ്ഥലത്ത് അടുത്തിടപെഴുകുന്നത് പോലുള്ള, സൗദിയുടെ സംസ്‌കാരത്തിന് എതിരായ കാര്യങ്ങള്‍ അനുവദിക്കില്ല,’ അബ്ദുല്‍ അസീസ് വ്യക്തമാക്കി.

സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ സൗദിയില്‍ നടപ്പിലാക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, തുല്യാവകാശത്തെ എങ്ങനെ നിര്‍വചിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സൗദിയെ സംബന്ധിച്ച് അത് തങ്ങള്‍ നേടിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിക്കുന്നുണ്ടോ എന്നും തൊഴിലിലും വരുമാനത്തിലും സ്ത്രീകള്‍ തുല്യ അവകാശം നേടിയിട്ടുണ്ടോ എന്നും പ്രിന്‍സ് അബ്ദുല്‍ അസീസ് ചോദിച്ചു .

അതേസമയം ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം നേടുന്നതിന് സൗദി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്തിനോടും ഗ്രീസിനോടും ചര്‍ച്ചകള്‍ നടത്തി ഒരുമിച്ച് തീരുമാനത്തിലെത്തിയാല്‍ മാത്രമേ സൗദിയുടെ ലോകകപ്പ് ആതിഥേയ മോഹങ്ങള്‍ പൂവണിയൂ.
2026 ഫിഫ ലോകകപ്പും യു.എസ്‌.എ,കാനഡ,മെക്സിക്കോ എന്നിവർ ചേർന്നാണ് നടത്തുന്നത്.

Content highlights: saudi intrested to host 2030 fifa  world cup

We use cookies to give you the best possible experience. Learn more