ടെഹ്‌റാന്‍: ഇറാനെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് അധികൃതരോട് സൗദി ഇന്റലിജന്‍സ് മേധാവി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നിയന്ത്രിത ആക്രമണങ്ങള്‍ നടത്താനാണ് ആവശ്യം.
ഇറാനെതിരെ തിരിച്ചടിക്കാനുള്ള നീക്കം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനു പിന്നാലെയാണിതെന്ന് യു.കെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇന്റലിജന്‍സ് മേധാവിക്കൊപ്പം സൗദി നയതന്ത്രജ്ഞന്‍ ആദില്‍ അല്‍ ജുബൈറും ലണ്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സൗദിയുടെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ പരിഗണിച്ചിട്ടില്ലെന്നാണ് യു.കെ വൃത്തങ്ങള്‍ പറയുന്നത്. ‘ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ‘നോ’ എന്നാണ് സൗദി അധികൃതരുടെ അഭ്യര്‍ത്ഥനയ്ക്ക് കിട്ടിയിടിരിക്കുന്ന മറുപടി’ എന്ന് യു.കെ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍ അടുത്തിടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്ന ഇന്റലിജന്‍സ് വിവരവും സൗദി അധികൃതര്‍ യു.കെയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ ബ്രിട്ടീഷ് അധികൃതരെ ‘സ്വാധീനിച്ചിട്ടില്ല’യെന്നാണ് റിപ്പോര്‍ട്ട്.
ഒമാന്‍ ഉള്‍ക്കടലിലെ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന സൗദിയുടെയും യു.എസിന്റെയും ആരോപണത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ പരസ്യമായി പിന്തുണച്ചിരുന്നു.
‘ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ക്കുനേരെ നടന്ന ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇറാനുമേലാണെന്നാണ് യു.കെയുടെ വിലയിരുത്തല്‍’ എന്നാണ് യു.കെ വിദേശ സെക്രട്ടറി ജറമി ഹണ്ട് ജൂണ്‍ 14ന് ട്വീറ്റ് ചെയ്തത്.
അതിനിടെ, യു.കെയില്‍ നിന്നും സൗദി ഇന്റലിജന്‍സ് മേധാവി ജറുസലേമിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ആക്രമണം നടത്താന്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാനാണ് സാധ്യതയെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു