സൗദി പ്രതിസന്ധിയിലാണ്. അരാംകോയുടെ അബ്ഖൈക്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ഭീകരമാണെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍.
സൗദിയുടെ മൊത്തം ഉല്‍പാദനത്തിന്റെ പകുതിയിലധികം അഥവാ ആഗോള ഉല്‍പാദനത്തിന്റെ 6 % വരെയാണ് ആക്രമണം മൂലം ഇല്ലാതായത്. മാത്രമല്ല, ഏറ്റവും മികച്ച ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന പ്ലാന്റുകളാണ് തകര്‍ന്നത്. താരതമ്യേന ഗ്രേഡ് കുറഞ്ഞ പെട്രോള്‍ നല്‍കുന്ന റാസ് തനൂറ പോലുള്ള പ്ലാന്റുകള്‍ മാത്രമായിരിക്കും ഇനി സൗദിയുടെ പ്രധാന സ്രോതസ്. അതും ഒരു വര്‍ഷത്തേക്ക് മാത്രം.
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉല്‍പാദനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ചുരുങ്ങിയത് 10 മാസമെങ്കിലും എടുക്കുമെന്നാണ് പറയുന്നത്. ഇതോടെ അമേരിക്കയും സൗദിയും ഇറാന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതീവ ഗുരുതരമായ സാഹചര്യം ഉള്‍ക്കൊണ്ട് ഇറാഖ് പോലുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത് മറിച്ച് വില്‍ക്കാനാണ് സൗദി ശ്രമം. ഇതിന് തുടക്കമിട്ടതായും ജേര്‍ണല്‍ വാര്‍ത്ത പറയുന്നു.
ആരായാലും വളരെ കൃത്യവും ആസൂത്രിതവുമായ ആക്രമണമായിരുന്നു ലക്ഷ്യമെന്നും അതിലവര്‍ വിജയിച്ചുവെന്നും വ്യക്തം. സൗദി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുക, പ്രതിരോധ സംവിധാനത്തിന്റെ ദൗര്‍ബല്യം തുറന്ന് കാട്ടുക എന്നീ രണ്ട് ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞു. ട്രംപിന്റെ പിന്തുണ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നും ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കും പ്രോക്സി യുദ്ധങ്ങള്‍ക്കും തുല്യ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന് സാധിക്കുമെന്നും വ്യക്തമാണ്.
ഈ തിരിച്ചറിവ് വളരെ വളരെ വൈകിയാണെങ്കിലും മുഹമ്മദ് ബിന്‍ സല്‍മാന് കിട്ടിയിട്ടുണ്ട്. ഇന്നലെ സി ബി എസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത് ‘ഇറാനുമായുള്ള യുദ്ധമെന്നത് ആഗോള തലത്തില്‍ തന്നെ സര്‍വ്വ നാശമായിരിക്കുമെന്നും താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും’ ആണ്. ആക്രമണം കഴിഞ്ഞ ഉടനെ ട്രംപും സമാധാനത്തെ പറ്റി വാചാലനായിരുന്നു.
ഇറാനെ പറ്റി പറയുമ്പോള്‍ യുദ്ധഭ്രാന്തിന്റെ പതിവ് ശൈലി വിട്ട് സമാധാനത്തെ പറ്റി രണ്ട് പേരും പറയാന്‍ നിര്‍ബന്ധിതരായത് വലിയ മാറ്റമാണ്. അത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റാന്‍ ശേഷിയുള്ളതാണ്. ആക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ വന്‍ ആക്രമണം നടത്തിയതായ ഹൂതി അവകാശവാദങ്ങള്‍ വരുന്നത്. വന്‍ തോതില്‍ സൗദി സൈനികര്‍ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതായ ഹൂതി വാദത്തെ കൃത്യമായി നിഷേധിക്കാന്‍ പോലും സൗദിക്ക് സാധിച്ചിട്ടില്ല.
യമനിനുള്ളിലാണെങ്കില്‍ യുദ്ധത്തില്‍ ഹൂതി പക്ഷം നിര്‍ണായക മേല്‍കൈ നേടിക്കഴിഞ്ഞിരിക്കുന്നു. തിരിച്ചടി മനസ്സിലാക്കിയ യു എ ഇ ‘പ്ലാന്‍ ബി’ നടപ്പിലാക്കാന്‍ നോക്കുന്നുണ്ട്. സൗദി താല്‍പര്യങ്ങള്‍ വിട്ട് തെക്കന്‍ യെമനിലെ വിഘടനവാദികളുമായി ചേര്‍ന്ന് തെക്കന്‍ യമനെ മാത്രമായി വേറിട്ടെടുത്ത് ഏദന്‍ പോര്‍ട്ടും ചുറ്റുവട്ടവുമായി താല്‍പര്യങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുകയാണ് യു.എ.ഇ.
സൗദി അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ ഭാഗം സമ്പൂര്‍ണ ഹൂതി ആധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ അപകടം സൗദി തിരിച്ചറിയുന്നുണ്ട്. ഇതിന്റെ പേരില്‍ ഏറ്റവുമടുത്ത സഖ്യകക്ഷിയായ യു എ ഇയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടതായും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക, സൈനിക, രാഷ്ട്രീയ മേഖലകളിലും ആഭ്യന്തര, വൈദേശിക രംഗത്തുമുള്ള നിരന്തര പരാജയങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ തേര്‍വാഴ്ചയുടെ ബാക്കി പത്രം. രാജ്യത്തിനകത്തും പുറത്തും കനത്ത വെല്ലുവിളി നേരിടുകയായിരുന്ന ഇറാനിലെ ശിയാ പൗരോഹിത്യ, വംശീയ താല്‍പര്യങ്ങള്‍ക്ക് പിടിവള്ളി നല്‍കാനും മുഹമ്മദിന്റെ മണ്ടത്തരങ്ങള്‍ക്ക് സാധിച്ചു. ഖത്തര്‍, സിറിയ, യമന്‍, ലബനാന്‍ തുടങ്ങി തിരിച്ചടികളുടെ പരമ്പര തന്നെയായിരുന്നു ഭരണത്തിലുടനീളം.
രാജ്യത്തിനും കുടുംബത്തിനും അകത്തുള്ള എതിരാളികളെ വെട്ടിനിരത്തി സമഗ്രമായി അധികാരം കേന്ദ്രീകരിക്കുന്നതില്‍ മാത്രമാണ് സാങ്കേതികാര്‍ത്ഥത്തിലെങ്കിലും വിജയിച്ചത്. തകര്‍ന്നടിഞ്ഞ ബിസിനസ് രംഗത്ത് നില നില്‍പിനായി പോരാടുന്ന പ്രവാസികളെ വീണ്ടും വീണ്ടും പിഴിയുന്നതായിരുന്നു ഇതേ വരെയുള്ള സാമ്പത്തിക ഒറ്റമൂലി. ചൊല്‍പടിയില്‍ നില്‍ക്കാത്ത ഏറ്റവും വലിയ വ്യവസായ പ്രമുഖരെ തടവിലാക്കി തട്ടിയെടുത്ത സ്വത്തായിരുന്നു മറ്റൊന്ന്. അരാംകോയുടെ ഓഹരി വില്‍ക്കുന്നതടക്കമുള്ള മറ്റ് കടും വെട്ട് നടപടികളൊക്കെ എവിടെയുമെത്താതെ നിക്കുന്നു. സ്വപ്ന പദ്ധതിയായ നിയോം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
മറുവശത്ത് ഇറാനാണെങ്കില്‍ ഇറാഖ്, ലെബനന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. സൗദിക്കകത്ത് എണ്ണ സമ്പന്ന കിഴക്കന്‍ പ്രവിശ്യയില്‍ ഭൂരിപക്ഷം വരുന്ന ശിയാക്കളും ഇതിനോട് ചേര്‍ന്ന് കിടക്കുന്ന അയല്‍ രാജ്യമായ ബഹ്റിനില്‍ ഭൂരിപക്ഷമായ ശിയാക്കളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത വിവേചനത്തിനും അടിച്ചമര്‍ത്തലിനും വിധേയമായിക്കൊണ്ടിരിക്കുന്നു. ഇവരുടെ അനുകൂല നിലപാടും സൗദിക്കെതിരില്‍ ഇറാന്റെ ആയുധമാവാനുള്ള സാധ്യതയുണ്ട്. പ്രോക്സി ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നിരവധി ശിയാ മിലീഷ്യകള്‍ വിവിധ രാജ്യങ്ങളിലായി സജീവം.
അവയിലൊന്നാണ് എണ്ണശാലകള്‍ക്ക് നേരെ ആക്രമണമഴിച്ച് വിട്ടത്. അമേരിക്കയോ സൗദിയോ തങ്ങള്‍ക്കെതിരെ ഒരു യുദ്ധമഴിച്ചു വിട്ടാല്‍ ഒട്ടും ഏകപക്ഷീയമാവില്ലെന്ന സന്ദേശമാണ് ഇറാന്‍ നല്‍കുന്നത്. ഇക്കാര്യം നന്നായറിയുന്നതിനാലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടക്ക് കടുത്ത ശത്രുതയിലായിട്ട് പോലും ഇറാനെതിരില്‍ ഒരു തുറന്ന ആക്രമണത്തിന് അമേരിക്ക മുതിരാതിരുന്നതും. ഇക്കാര്യത്തില്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത സമ്മര്‍ദത്തിന് പോലും അമേരിക്ക വഴങ്ങിയിട്ടില്ല. ഈ ചരിത്രമോ രാഷ്ട്രീയമോ മനസ്സിലാക്കാന്‍ പറ്റാത്ത എടുത്ത് ചാട്ടക്കാരനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.
ഈ ആഭ്യന്തര, വൈദേശിക ഭീഷണികളെ അതിജീവിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന് സാധിക്കുമോ അഥവാ എത്ര നാള്‍ എന്നതാണ് ചോദ്യം, സൗദിക്ക് തന്നെ അതിജീവിക്കാനാവുമോ എന്നതും പ്രസക്തമാണ്. തകരുന്ന സമ്പദ് വ്യവസ്ഥയും വിശ്വാസ്യതയും അധികാര ശേഷി ദുര്‍ബലമാക്കും, അവസരം കാത്ത് നില്‍ക്കുന്ന എതിരാളികള്‍ക്ക് ഊര്‍ജമാവും. കാലഹരണപ്പെട്ട ഏകാധിപത്യ വ്യവസ്ഥിതി പശ്ചിമേഷ്യയില്‍ മാത്രം അധിക നാള്‍ തുടരുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. തൊട്ടപ്പുറത്ത് ഡീസിക്കെതിരെ എല്ലാ അടിച്ചമര്‍ത്തലുകളേയും വെല്ലുവിളിച്ച് വീണ്ടും തെരുവിലിറങ്ങിയ ജനങ്ങള്‍ പ്രതീകമാണ്.
ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത പശ്ചിമേഷ്യന്‍ ഭരണകൂടങ്ങള്‍ക്ക് ആക്രണണം മാത്രമുപയോഗിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. ഇപ്പോള്‍ രംഗത്തുള്ള സൗദി, ഇറാന്‍, അമേരിക്ക തുടങ്ങി ഒരാളും ആഗ്രഹിക്കാത്തതും മേഖലയിലെ ജനാധിപത്യമാണ്. അത് കൊണ്ട് തന്നെ അനിവാര്യമായ ജനാധിപത്യത്തിലേക്കുള്ള മാറ്റം സമാധാനപൂര്‍ണമാവുമെന്ന് കരുതാന്‍ പറ്റുകയില്ല. ഈ രക്തച്ചൊരിച്ചിലുകളും അസ്ഥിരതയും കുറച്ച് കാലത്തേക്കെങ്കിലും വലിയ തോതില്‍ മേഖലയെ ബാധിക്കും.
ഇതിനെല്ലാം പുറമെ ഒളിഞ്ഞുകിടക്കുന്ന മറ്റൊന്നുകൂടിയുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഏകദേശം 150 ബില്യന്‍ ഡോളറിന്റെ ആയുധവും അനുബന്ധ സര്‍വീസുമാണ് അമേരിക്ക സൗദിക്ക് നല്‍കിയത്. അതില്‍ മിസൈല്‍/ഡ്രോണ്‍ ആക്രമണം തടയാനുള്ള വിപുലമായ എയര്‍ ഡിഫന്‍സ് സംവിധാനങ്ങളുമുണ്ട്. ആക്രമണത്തില്‍ തകര്‍ന്ന പ്ലാന്റുകള്‍ ഈ സംവിധാനങ്ങള്‍ക്ക് കീഴിലായിരുന്നു.
ആക്രമണം തടയാന്‍ കഴിഞ്ഞില്ലെന്നത് പോട്ടെ, സംഭവം നടന്ന് 15 ദിവസമായിട്ടും ഏത് രാജ്യത്ത് നിന്നാണ് ആക്രമണം വന്നതെന്ന് പോലും കണ്ട് പിടിക്കാന്‍ പറ്റിയിട്ടില്ല.
കടപ്പാട്- നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍