| Wednesday, 8th August 2018, 9:56 am

വേള്‍ഡ്‌ട്രേഡ് സെന്റര്‍ മാതൃകയില്‍ കാനഡയില്‍ വിമാനം പറത്തുന്ന ചിത്രം; ഭീഷണി ട്വീറ്റുമായി സൗദി സര്‍ക്കാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മാതൃകയില്‍ ടൊറന്റോ സി.എന്‍ ടവറിന്റെ നേര്‍ക്ക് വിമാനം പറത്തുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തില്‍ സൗദി സംഘടന മാപ്പ് പറഞ്ഞു. കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് “ഇന്‍ഫോഗ്രാഫിക് കെ.എസ്.എ” എന്ന സര്‍ക്കാര്‍ അനുകൂല അക്കൗണ്ടില്‍ നിന്ന് വിവാദ ചിത്രമടങ്ങിയ ട്വീറ്റ് വന്നിരുന്നത്.

“അവനവനെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക്, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നേരിടേണ്ടി വരും” എന്ന അറബിയിലെഴുതിയ അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

സൗദി നയതന്ത്ര പ്രതിനിധികളടക്കം പിന്തുടരുന്ന വെരിഫൈഡ് അക്കൗണ്ടാണ് ഇന്‍ഫോഗ്രാഫിക് കെ.എസ്.എ. ഇതിനെ ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടായി സൗദി സറ്റേറ്റ് മീഡിയ നേരത്തെ വിശേഷിപ്പിച്ചിരുന്നു.

സൗദി കനേഡിയന്‍ അംബസഡറെ തിരിച്ചയച്ചതിനെ പ്രതീകാത്മകമായി അവതരിപ്പിച്ചതാണെന്നും മറ്റു ഉദ്ദേശങ്ങളൊന്നുമില്ലെന്നും ഇന്‍ഫോഗ്രാഫിക് കെ.എസ്.എ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വിവാദമായതിന് പിന്നാലെ അക്കൗണ്ട് പൂട്ടിയെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും സൗദി മാധ്യമ വകുപ്പ് പറഞ്ഞു.

2011ല്‍ 2977 പേര്‍ കൊല്ലപ്പെട്ട വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദി പൗരന്മാരായിരുന്നു.

സമര്‍ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തതാണ് സൗദിയെ ചൊടിപ്പിച്ചിരുന്നത്. ട്വീറ്റിനെ തുടര്‍ന്ന് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടിരുന്നു. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ച സൗദി ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ടൊറന്റോയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more