| Saturday, 2nd April 2022, 9:10 am

സോഷ്യല്‍ മീഡിയയിലൂടെ പണം ആവശ്യപ്പെട്ടാലും കുരുങ്ങും; ഭിക്ഷാടകര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: സോഷ്യല്‍ മീഡിയയിലൂടെ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും നേരിട്ടോ അല്ലാതെയോ മറ്റുള്ളവരില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കുന്നവരെ യാചകരായി കണക്കാക്കും.

ഭിക്ഷാടന വിരുദ്ധ നിയമത്തില്‍ സോഷ്യല്‍ മീഡിയയിലെ ഭിക്ഷാടനവും ഉള്‍പ്പെടുന്നുവെന്ന് സൗദി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കുറ്റം ചെയ്തതായി കണ്ടെത്തുന്നവരെ നിയമത്തില്‍ അനുശാസിക്കുന്ന ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും വിധേയരാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചതായി അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണയായി റംസാന്‍ മാസം നിയമവിരുദ്ധമായ ഭിക്ഷാടനത്തിനായി ഭിക്ഷാടകര്‍ ദുരുപയോഗം ചെയ്യാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ആവശ്യക്കാര്‍ക്ക് അവരുടെ സംഭാവനകള്‍ എത്തിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

സൗദി നിയമം അനുസരിച്ച്, പരമാവധി ഒരു വര്‍ഷം വരെ തടവോ ഒരു ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണ് ഭിക്ഷാടനം. വിദേശിയാണ് കുറ്റവാളിയെങ്കില്‍ സൗദി അറേബ്യയിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നു.

Content Highlight: Saudi government warns beggars on social media

We use cookies to give you the best possible experience. Learn more