കായികക്ഷമത വര്‍ധിപ്പിക്കുമെന്ന വാദം; വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിക്കാനൊരുങ്ങി സൗദി സര്‍ക്കാര്‍
World News
കായികക്ഷമത വര്‍ധിപ്പിക്കുമെന്ന വാദം; വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിക്കാനൊരുങ്ങി സൗദി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 9:25 am

റിയാദ്: യൂണിവേഴ്‌സിറ്റികളില്‍ യോഗ പഠനം നിര്‍ബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാഠ്യപദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സൗദിയിലെ യോഗ കമ്മിറ്റി ചെയര്‍മാന്‍ നൗഫ് അല്‍-മര്‍വായ് പറഞ്ഞു.

പുതിയ കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയോട് സഹകരിച്ചാണ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ യോഗപഠനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും കായികക്ഷമതയും വര്‍ധിപ്പിക്കാനാകുമെന്ന് പദ്ധതി പ്രഖ്യാപിച്ച നൗഫ അല്‍ മര്‍വായ് പറഞ്ഞു. സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030ലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും പദ്ധതിയെന്നും അവര്‍ പറഞ്ഞു.

‘യോഗ ചെയ്യുന്നവര്‍ക്ക് ഒരുപാട് ഹെല്‍ത്ത് ബെനഫിറ്റുകള്‍ ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കും.

അന്താരാഷ്ട്ര കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കായിക താരങ്ങളെ പ്രാപ്തരാക്കാനും പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ വിഷന്‍2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കായിക മേഖലയിലെ സൗദി താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തലാണ്,’ നൗഫ് അല്‍ മര്‍വായ് പറഞ്ഞു.

‘യോഗയില്‍ കേവലം മെഡിറ്റേഷന്‍ മാത്രമല്ല ഉള്ളത്. ആസനങ്ങളും പോസ്റ്റര്‍ പ്രാക്ടീസും ഉള്‍പ്പെടുന്നുണ്ട്. ബ്രീത്തിങ് ടെക്‌നിക്കുകളും പേശി കണ്‍ട്രോളിനുള്ള വ്യായാമങ്ങളും കൂടി ഉള്‍പ്പെടുന്നുണ്ട്. ഇവ കായിക താരങ്ങള്‍ക്ക് മികച്ച ആരോഗ്യം നേടിയെടുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി സര്‍ക്കാര്‍ നടപ്പിലാക്കിയ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് കായിക മേഖലയില്‍ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടികള്‍ക്ക് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Content Highlight: Saudi government try to implement yoga in universities