ഖഷോഗിയെ കൊല്ലാന്‍ കോണ്‍സുലേറ്റിനുള്ളില്‍ 15അംഗ സക്വാഡിനെ നിര്‍ത്തി: കൊലപാതകം സൗദി ആസൂത്രണം ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
Middle East
ഖഷോഗിയെ കൊല്ലാന്‍ കോണ്‍സുലേറ്റിനുള്ളില്‍ 15അംഗ സക്വാഡിനെ നിര്‍ത്തി: കൊലപാതകം സൗദി ആസൂത്രണം ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 12:52 pm

 

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയെന്നും കൊലപാതകം സൗദി മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നും ന്യൂയോര്‍ക്ക് ടൈംസ്. ഖഷോഗി വരുന്നത് കാത്ത് കോണ്‍സുലേറ്റിനുള്ളില്‍ സൗദി 15 അംഗ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് ഉള്‍പ്പെടെയുള്ള കൊലയാളി സംഘത്തെയാണ് സൗദി കൃത്യം നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പേരുവെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

Also Read:റഫേല്‍; കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി

സംഘം രണ്ടുമണിക്കൂര്‍ കൊണ്ട് കൊലപാതകവും തുടര്‍ന്നുള്ള കാര്യങ്ങളും പൂര്‍ത്തിയാക്കി തുര്‍ക്കിയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചെന്നുമാണ് തുര്‍ക്കിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

“അതൊരു പള്‍പ്പ് ഫിക്ഷന്‍ പോലെയാണ്” എന്നാണ് 1994ലെ ഹോളിവുഡ് ചിത്രത്തെ സൂചിപ്പിച്ചുകൊണ്ട് യു.എസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അതിനിടെ, ഒക്ടോബര്‍ രണ്ടുതന്നെ ഖഷോഗി കോണ്‍സുലേറ്റ് വിട്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗദി ഭരണകൂടം. ഇക്കാര്യം തെളിയിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗന്‍ സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി രാജ കോടതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു.

ഈ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും ട്വീറ്റ് ചെയ്യുന്നതും വിലക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സൗദി വിട്ടത്. അതിനുശേഷം അദ്ദേഹം ന്യൂയോര്‍ക്കിലായിരുന്നു. ഈ സമയത്താണ് വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി എഴുതിയത്.

ഖത്തര്‍, കാനഡ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തേയും യെമന്‍ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടിയേയും അദ്ദേഹം തന്റെ കോളത്തിലൂടെ വിമര്‍ശിച്ചിരുന്നു.