| Thursday, 14th November 2019, 10:28 am

സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു; തൊഴിലാളികള്‍ പരീക്ഷയെഴുതി പാസാകണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും തൊഴിലാളികളുടെ വിസകള്‍ അനുവദിച്ചു കൊടുക്കുക. ഡിസംബറോടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഒരു വര്‍ഷത്തിന് ശേഷമാണ് പദ്ധതി പൂര്‍ണമായും നിര്‍ബന്ധമാക്കുക. ആമില്‍ എന്ന തസ്തിക ഇനി മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തില്‍ ഉണ്ടാവില്ല.

വിദേശ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി. തൊഴിലാളികള്‍ അവരുടെ തൊഴില്‍ മേഖലയില്‍ പ്രത്യേക നൈപുണ്യ പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരും. പരീക്ഷയില്‍ പാസാകുന്നവര്‍ക്കു അഞ്ച് വര്‍ഷ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്ലംമ്പിങ്, ഇലക്ട്രിക് മേഖലകളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, വാഹന ഇലക്ട്രിക്കല്‍ ജോലികള്‍, മെക്കാനിക് തുടങ്ങിയ മേഖലകളിലും പദ്ധതി നടപ്പാക്കും.

ജൂലൈ മാസം മുതല്‍ മരപ്പണികള്‍, വെല്‍ഡിങ്, ആഭരണ നിര്‍മാണം തുടങ്ങിയവയിലും ഒക്ടോബര്‍ മുതല്‍ പെയ്ന്റിങ്, തേപ്പ്, ടൈല്‍സ് ജോലികളിലും 2021 ജനുവരിയില്‍ നിര്‍മാണ മേഖല, ഇരുമ്പ് പൈപ്പിങ് ജോലികള്‍, സാങ്കേതിക മേഖലകളിലും പദ്ധതി നടപ്പാക്കും.

ഭാവിയില്‍ സൗദിയില്‍ ജോലി ചെയ്യുന്നതിനും പ്രൊഫഷന്‍ മാറ്റത്തിനും പുതുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ക്കുമെല്ലാം തൊഴില്‍ പരീക്ഷ നിര്‍ബന്ധമായിരിക്കും. സൗദിയില്‍ 450-600 റിയാലിനും വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 100 -150 റിയാലിനുമിടയിലായിരിക്കും പരീക്ഷാ ഫീസ്.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനോഷ്യ, ഈജിപ്ത്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പരീക്ഷ നടപ്പാക്കുന്നത്. തൊഴിലാളികളുടെ വര്‍ധനവ് കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായിരിക്കും ആദ്യം പദ്ധതി നടപ്പാക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more