Gulf
അറസ്റ്റ് ചെയ്യപ്പെട്ട രാജകുമാരനെ വിട്ടയക്കണമെന്നാവശ്യം ശക്തം; സൗദിയില്‍ ഗെയിം ഓഫ് ത്രോണ്‍സ് തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 01, 03:03 pm
Monday, 1st June 2020, 8:33 pm

സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജകുമാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ വിട്ടയക്കമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ ലോമേക്കേര്‍സും യു.എസ് സംഘടനകളും രംഗത്ത്.

കുറ്റമൊന്നും ചുമത്താതെ രണ്ടു വര്‍ഷത്തോളമായി തടവിലാക്കപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തകനായ സല്‍മാന്‍ അബ്ദുള്‍ അസീസിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും തടവില്‍ വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡെമോക്രാറ്റ് പാര്‍ട്ടി അംഗവും ട്രംപ് വിമര്‍ശകനുമായ ആദം ഷിഫുമായി 2016 ല്‍ ഈ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പരമായി ഒന്നും സംസാരിച്ചിട്ടില്ല എന്ന് ഇവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്ത സല്‍മാന്‍ അബ്ദുള്‍ അസീസ് പാരീസ് സോര്‍ബൊണ്‍ സര്‍വകാലാശാലയിലാണ് പഠിച്ചത്. ദരിദ്ര രാജ്യങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 37 കാരനായ ഈ രാജകുമാരന്‍ രണ്ട് വര്‍ഷം മുമ്പ് റിയാദില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ അസീസ് ബിന്‍ സല്‍മാനും അറസ്റ്റിലായി.

ഇവരെ കൂടാതെ ഈ വര്‍ഷം മാര്‍ച്ചില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ്, സഹോദര പുത്രന്‍ മുഹമ്മദ് ബിന്‍ നയെഫ് എന്നിവര്‍ തടവിലാക്കപ്പെട്ടിരുന്നു.

മുഹമ്മദ് ബിന്‍ നയെഫിന്റെ അംഗരക്ഷകനായിരുന്ന സാദ് അല്‍ജബ്രിയുടെ മക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തിരുന്നു. അല്‍ജബ്രി നേരത്തെ കാനഡയിലേക്ക് പാലായനം ചെയ്തതാണ്. സൗദി ഗെയിം ഓഫ് ത്രോണ്‍സിന്റെ ഇരകളാണ് ഇവര്‍ എന്നാണ് അല്‍ജബ്രിയുടെ കുടുംബം പ്രതികരിച്ചത്. ഒപ്പം മുന്‍ സൗദി അധികാരി അബ്ദുള്ള രാജാവിന്റെ മകളായ ബസ്്്മ ബിന്‍ സൗദ് രാജകുമാരിയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക