| Saturday, 21st January 2023, 1:13 pm

ആദ്യം ഫലസ്തീനികള്‍ക്കൊരു സ്വതന്ത്ര രാഷ്ട്രമുണ്ടാകട്ടെ, എന്നിട്ടാലോചിക്കാം; ഇസ്രഈലുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ‘ടു നേഷന്‍ തിയറി’യും (Two Nation Theory) ഫലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രവും യാഥാര്‍ത്ഥ്യമാകാത്തിടത്തോളം ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് (Faisal bin Farhan Al Saud) വിഷയത്തില്‍ കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയത്.

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (World Economic Forum) ഭാഗമായിട്ടായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ പരാമര്‍ശം.

വ്യാഴാഴ്ച ജറുസലേമില്‍ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി (Jake Sullivan) ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. സൗദി അറേബ്യയുമായി നോര്‍മലൈസേഷന്‍ കരാറിലെത്തുന്നതും ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇതിനിടെ കൂടിയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ദാവോസില്‍ വെച്ചുള്ള പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

”ഫലസ്തീനികള്‍ക്ക് ഒരു സ്വതന്ത്ര രാഷ്ട്രം നല്‍കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ നോര്‍മലൈസേഷനും സ്ഥിരതയും നടപ്പിലാകൂ,” വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടിക്കിടെ സൗദി വിദേശകാര്യ മന്ത്രി ബ്ലൂംബര്‍ഗിനോട് പ്രതികരിച്ചു.

ഇസ്രഈലുമായുള്ള ബന്ധം സ്ഥാപിക്കുന്നത് മേഖലക്കാകെ ഗുണകരമാകുമെന്ന് കരുതുന്നുവെന്നും എന്നാല്‍ ഫലസ്തീനികള്‍ക്ക് പ്രതീക്ഷയും അന്തസും നല്‍കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സ്ഥിരതയും നയതന്ത്രബന്ധവും കൈവരിക്കാനാകൂ എന്നും സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവുമടുത്ത സഖ്യരാജ്യങ്ങളിലൊന്നാണ്. അമേരിക്കയുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രഈല്‍.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലിന്റെ സൈനികഭരണം കാരണം അവരുമായി നയതന്ത്ര ബന്ധം സാധാരണനിലയിലാക്കാന്‍ സൗദി തുടര്‍ച്ചയായി വിസമ്മതിക്കുകയായിരുന്നു.

Content Highlight: Saudi foreign minister rules out normalization with Israel without a two-state solution

We use cookies to give you the best possible experience. Learn more