ശിയാ നഗരമായ ഖാത്തിഫില്‍ എട്ടു ഭീകരരെ വധിച്ചതായി സൗദി
Middle East
ശിയാ നഗരമായ ഖാത്തിഫില്‍ എട്ടു ഭീകരരെ വധിച്ചതായി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 2:09 pm

ജിദ്ദ: ശിയാ ഭൂരിപക്ഷ മേഖലയായ ഖാത്തിഫ് പ്രവിശ്യയില്‍ എട്ടു ഭീകരരെ വെടിവെച്ചു കൊന്നതായി സൗദി . പ്രവിശ്യയില്‍പെട്ട താറോത്തിന് സമീപം സനാബീസില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ പരിശോധനയ്ക്കിടെ ആദ്യം സൈനികര്‍ക്ക് നേരെ വെടിവെയ്പുണ്ടായെന്നും പിന്നീട് നടന്ന പ്രത്യാക്രമണത്തിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടതെന്നും സൗദി ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു.

ഏറ്റുമുട്ടല്‍ നടന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടെന്നും വെടിയൊച്ച കേട്ടെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2011ല്‍ രാജ്യത്തെ സുന്നി മുസ്‌ലിം ഭരണാധികാരികളില്‍ നിന്ന് തുല്ല്യ നീതിയും അവകാശങ്ങള്‍ക്കും വേണ്ടി ശിയാ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം നടന്ന സ്ഥലമാണ് ഖാത്തിഫ്. ഇതിന് ശേഷം നിരവധി ഏറ്റുമുട്ടലുകള്‍ മേഖലയില്‍ നടന്നിരുന്നു.

2016ല്‍ ശിയാ നേതാവായ ശൈഖ് നിമ്ര്‍ അല്‍ നിമ്‌റിനെ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത് വലിയ ലോക വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് ഇറാനില്‍ പ്രതിഷേധക്കാര്‍ തീയിട്ട തെഹ്‌റാനിലെ സൗദി എംബസി ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.

ഏപ്രില്‍ 23ന് സൗദി നടപ്പിലാക്കിയ കൂട്ട വധശിക്ഷയില്‍ ഭൂരിപക്ഷവും ശിയാ വിഭാഗക്കാരായിരുന്നു.