പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ വാങ്ങിയത് മുതല്‍ ക്ലബ്ബിന്റെ വിപണി മൂല്യവും ബ്രാന്‍ഡ് മൂല്യവും കുതിച്ചുയര്‍ന്നിരിക്കുകയാണ്.
റൊണാള്‍ഡോ അല്‍ നസ്‌റില്‍ എത്തിയതിന് പിന്നാലെ അല്‍ നസറിന്റെ ചിര വൈരികളായ അല്‍ ഹിലാല്‍ മെസിയെ അവരുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മാത്രമല്ല മെസിയുടെ പിതാവ് അല്‍ ഹിലാലുമായി ചര്‍ച്ചകള്‍ നടത്താന്‍ റിയാദിലെത്തിച്ചേര്‍ന്നു എന്ന റിപ്പോര്‍ട്ടും പ്രചരിച്ചിരുന്നു.
അല്‍ ഹിലാലിന് പുറമെ മറ്റൊരു പ്രമുഖ പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദും മെസിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട് എന്നും ഇരു ടീമുകളും 350 മില്യണ്‍ യൂറോ മൂല്യം വരുന്ന പ്രതിവര്‍ഷ കരാറിലാണ് മെസിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെ ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴേ അറബ് ക്ലബ്ബുകള്‍ നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
“The idea of the Federation is always to improve our football, and of course we would like to see Cristiano and Messi in the same league again, but the truth is that we don’t know anything now,” he said.https://t.co/oeLr58cnN8
എന്നാല്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മെസിക്കായി സൗദി അറേബ്യന് ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം അല്‍ കാസിം.
‘ഈ നിമിഷം വരെ ലയണല്‍ മെസിയെ ക്ലബ്ബിലെത്തിക്കാന്‍ സൗദി അറേബ്യന് ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ സൗദി ഫെഡറേഷന്റെ ഭാഗത്ത് നിന്ന് ഞാന്‍ മറച്ചുവെക്കുന്നില്ല, ഒരിക്കല്‍ അദ്ദേഹത്തെ ആഭ്യന്തര ലീഗില്‍ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹമുണ്ട്.
ഫുട്‌ബോളില്‍ പുരോഗമനം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തീര്‍ച്ചയായും ക്രിസ്റ്റിയാനോയും മെസിയും ഒരിക്കല്‍ കൂടി ഒരേ ലീഗില്‍ കളിച്ചുകാണണമെന്നും ആഗ്രഹമുണ്ട്. ഇപ്പോള്‍ ഒന്നും പറയാനാകില്ല,’ അല്‍ കാസിം പറഞ്ഞു.
പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ഈ സീസണിലെ 21 മത്സരങ്ങളില്‍ 13 ഗോളും 14 അസിസ്റ്റും അക്കൗണ്ടിലാക്കാന്‍ മെസിക്ക് സാധിച്ചു.