| Monday, 25th January 2021, 5:45 pm

പാഴ്‌വാക്കോ, പിൻവാങ്ങലോ, ബൈ‍ഡൻ എഫക്ടോ; ഇറാനുമായി കൈകോർക്കാൻ തയ്യാറെന്ന് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇറാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തയ്യാറാണെന്ന് സൗദി വിദേശകാര്യമന്ത്രി. അതേസമയം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ലഘൂകരിക്കാൻ സൗദി മാത്രം മുൻകൈയെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അറേബ്യ ഇറാനിലെ ഒരു പ്രമുഖ പുരോഹിതനെ വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം കനക്കുന്നത്. പുരോഹിതന്റെ കൊലപാതകത്തിൽ ടെഹ്റാനിലെ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തെ തുടർന്ന് 2016 ജനുവരിയിലാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ ഇറാന് ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ പൂർണ പിന്തുണ അദ്ദേഹത്തിന് നൽകിയിരുന്നു.
അതേസമയം അൽ അറേബ്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സൗദി വിദേശകാര്യമന്ത്രിയായ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് റിയാദുമായുള്ള ചർച്ചകൾ ടെഹ്റാൻ ​ഗൗരവകരമായി എടുക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.

ഇറാനുമായി സമാധാനം സ്ഥാപിക്കുന്നതിന് ഞങ്ങൾ കൈകൾ നീട്ടിയിട്ടുണ്ട്. പക്ഷേ കരാറുകളിൽ ഏർപ്പെടാൻ ഇറാൻ തയ്യാറല്ല എന്നായിരുന്നു സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും പേർഷ്യൻ ​ഗൾഫ് അറബ് രാഷ്ട്രങ്ങൾ ഇറാനുമായി ചർച്ച നടത്തണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

അമേരിക്കയിൽ ജോ ബൈഡൻ സർക്കാർ ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടിയിലാണ് സൗദി അറേബ്യയും ഇറാനോടുള്ള നയത്തിൽ അയയുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

നേരത്തെ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡനുമായി നല്ല രീതിയിൽ മുന്നോട്ട് പോകാനാകുമെന്നും ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇറാനുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗദി വാഷിം​ഗ്ടണ്ണുമായി ചർച്ച ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഇറാന്റെ ആണവപദ്ധതിക്ക് ശക്തമായ മേൽനോട്ടം ഉറപ്പാക്കുന്ന വിധത്തിലുള്ള ഒരു ധാരണയിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാനുമായുള്ള ആണവകരാർ വിഷയത്തിലും സൗദി മുൻനിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ബൈഡൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ സൗദി വിദേശകാര്യമന്ത്രി നടത്തിയത്.

ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പുറത്തുപോകുന്നതിൽ ഡൊണാൾഡ് ട്രംപിന് സൗദിയും ​ഗൾഫ് സഖ്യകക്ഷികളും പൂർണ പിന്തുണ നൽകുകയും തീരുമാനത്തെ പിന്താങ്ങുകയും ചെയ്തിരുന്നു. ഇസ്രഈലുമായുള്ള സമാധാനകരാർ നടപ്പിലാക്കുന്നത് ഉപാധികളോടെ മാത്രമായിരിക്കുമെന്ന രാജ്യത്തിന്റെ നിലപാടും സൗദി ആവർത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi FM says hands outstretched to Iran

We use cookies to give you the best possible experience. Learn more