|

ആദ്യം മൗനം, ഒടുവില്‍ അയഞ്ഞു; ബൈഡന് സല്‍മാന്‍ രാജകുമാരന്റെ അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനമറിയിച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ബൈഡന്റെ വിജയ പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനു ശേഷമാണ് സൗദി രാജവസതിയില്‍ നിന്നുള്ള അഭിനന്ദനം. സൗദി ദേശീയ മാധ്യമത്തിലാണ് പ്രസ്താവന വന്നിരിക്കുന്നത്.

മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും ബൈഡന് നേരത്തെ അഭിനന്ദനമെത്തിയപ്പോള്‍ സൗദി മൗനം പാലിക്കുകയായിരുന്നു. ഇതിനടുത്ത ദിവസങ്ങളിലായി ടാന്‍സാനിയയില്‍ വീണ്ടും അധികാരത്തിലേറിയ പ്രസിഡന്റ് ജോണ്‍ മഗ്ഫുലിക്ക് സല്‍മാന്‍ രാജകുമാരന്‍ വേഗം തന്നെ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.

അധികാരമൊഴിഞ്ഞ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നു മാറി നയപരമായ വ്യത്യാസം ബൈഡന്റെ ഭരണകാലയളവില്‍ ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഉണ്ടാവുമെന്ന് സൗദി സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലക്കേസിലെ ബൈഡന്റെ നയം, യെമന്‍ യുദ്ധത്തിനുള്ള അമേരിക്കന്‍ പിന്തുണ അവസാനിപ്പിക്കാനുള്ള ബൈഡന്റെ ആഹ്വാനം, ഇറാനോടുള്ള ബൈഡന്റെ മൃദു സമീപനം എന്നിവ സൗദിയെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനു പുറമെ സൗദിയില്‍ നിന്നും അടുത്തിടെയായി നിരന്തരം പുറത്തു വന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകളും ബൈഡന്റെ നയ രൂപീകരണത്തെ എത്തരത്തില്‍ സ്വാധീനിക്കുമെന്ന് സൗദിക്ക് ആശങ്കയുണ്ട്.

സൗദിയില്‍ സര്‍ക്കാര്‍ അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടുകളും ബൈഡന്റെ വിജയത്തില്‍ അസ്വസ്ഥരാണ്. കൊവിഡ്-19 നേക്കാള്‍ മോശമായ ഒരേ ഒരു കാര്യം ‘ബൈഡന്‍-20’ ആയിരിക്കുമെന്നാണ് ഒരു സൗദി ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ( റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്).

അതേസമയം സൗദിയും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അടുത്ത സൗഹൃദത്തില്‍ കാര്യമായ മാറ്റം ഉണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Saudi finanlly congratulates Biden on his win