| Monday, 9th March 2020, 5:04 pm

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികളടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്തുമെന്നാണ് വിവരം.

വിമാനത്തിലുണ്ടായിരുന്ന നിരവധി മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ മറ്റൊരു വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചയക്കും.

കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.

നേരത്തെ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എത്ര നാള്‍ വരെയാണ് പ്രവേശന വിലക്ക് ഉണ്ടായിരിക്കുക എന്ന അറിയിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാകില്ല.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റിംഗ് വിസയുള്ളവര്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ തരം യാത്രകളും വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ അവധിക്കെത്തി തിരിച്ചുപോകാനിരിക്കുന്നവരുടെ കാര്യം ആശങ്കയിലാണ്. പ്രവേശന വിലക്ക് വന്നതിനാല്‍, ഖത്തറില്‍ നിന്നും അവധിക്ക് നാട്ടില്‍ വരാനിരിക്കുന്നവരും യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യമാണ്.

കൊവിഡ് ബാധ സ്ഥിരീകരിച്ച ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് ശനിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ ഇതുവരെ 43 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറോളം രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഇതുവരെ 3000ത്തിലേറെ പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ആഘോഷങ്ങള്‍ക്കും കൂടുതല്‍ ജനങ്ങള്‍ ഒത്തുച്ചേരുന്ന പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more