കഴിഞ്ഞ ദിവസം ഗ്രൂപ്പ് സിയിലെ സൗദി അറേബ്യ – പോളണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പോളണ്ട് സൗദിയെ തകര്‍ത്തിരുന്നു. അര്‍ജന്റീനയെ അട്ടമറിച്ചതിന്റെ ആവേശത്തില്‍ കളത്തിലിറങ്ങിയ സൗദിയുടെ പച്ചപ്പടയെ ലെവന്‍ഡോസ്‌കിയും സംഘവും ചേര്‍ന്ന് നിലംപരിശാക്കുകയായിരുന്നു.
മത്സരത്തില്‍ സൗദി നല്ല കളി കാഴ്ചവെച്ചെങ്കിലും പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയുടെ മികച്ച പ്രകടനം തിരിച്ചടിയായി. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ആദ്യ ലോകകപ്പ് ഗോളിനും മത്സരം സാക്ഷിയായി.
മത്സരത്തിന്റെ ഹൈലൈറ്റും ലെവന്‍ഡോസ്‌കിയുടെ ഈ ഗോള്‍ തന്നെയായിരുന്നു. എന്നാല്‍ ലെവന്‍ഡോസ്‌കിയുടെ ഗോളിനേക്കാള്‍ ഫുട്‌ബോള്‍ ലോകത്ത് വൈറലാകുന്ന മറ്റൊരു വീഡിയോയുമുണ്ട്.
ലെവന്‍ഡോസ്‌കി ഗോള്‍ നേടിയതിന് പിന്നാലെ ഒരു സൗദി ആരാധകന്‍ സൗദി ടീമിന്റെ ജേഴ്‌സി അഴിച്ചുമാറ്റുകയും ലെവന്‍ഡോസ്‌കിയുടെ പേരിലുള്ള പോളണ്ട് ജേഴ്‌സിയണിഞ്ഞ് താരത്തിന്റെ ഗോള്‍ നേട്ടം ആഘോഷമാക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലാവുന്നത്. എന്തിനും തയ്യാറായി പോളണ്ട് ജേഴ്‌സിയും സൗദി ജേഴ്‌സിയും ഒരുമിച്ച് ധരിച്ചാണ് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്.
മോഡേണ്‍ ഡേ ഫുട്‌ബോളിലെ എണ്ണം പറഞ്ഞ സ്‌ട്രൈക്കറായിട്ടും, ക്ലബ്ബ് ഫുട്‌ബോളില്‍ ടീമിന്റെ ഗോള്‍ സ്‌കോറിങ് മെഷീനായിട്ടും ലോകകപ്പില്‍ ഒരിക്കല്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ലെവക്ക് സാധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ സൗദിക്കെതിരായ ഗോളിലൂടെ ആ നിരാശയും താരം അവസാനിപ്പിച്ചിരിക്കുകയാണ്.
2018ലെ റഷ്യന്‍ ലോകകപ്പിലാണ് താരം ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അന്ന് പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ആകെ രണ്ട് ഗോളുകളായിരുന്നു ടൂര്‍ണമെന്റില്‍ പോളണ്ടിന് നേടാനായിരുന്നത്. ഇതിലാകട്ടെ ലെവന്‍ഡോസ്‌കിയുടെ പേര് ചേര്‍ക്കപ്പെട്ടതുമില്ല.
ഖത്തര്‍ ലോകകപ്പില്‍ മെക്സിക്കോക്കെതിരായ ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതും ലോകകപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള താരത്തിന്റെ കാത്തിരിപ്പ് നീട്ടി.
2012ലാണ് ലെവന്‍ഡോസ്‌കി പോളണ്ടിന് വേണ്ടി തന്റെ നാഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 2014ലെ ബ്രസീല്‍ ലോകകപ്പില്‍ പോളണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് താരത്തിന്റെ ആദ്യ ലോകകപ്പ് അരങ്ങേറ്റം നാല് വര്‍ഷം വൈകിപ്പിച്ചു. പോളണ്ടിനായി 136 മത്സരങ്ങള്‍ കളിച്ച ലവ 77 ഗോളുകള്‍ ആകെ നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും പോളണ്ടിനായി. ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്റാണ് പോളണ്ടിനുള്ളത്. ഒരു ജയവും തോല്‍വിയുമായി മൂന്ന് പോയിന്റോടെ അര്‍ജന്റീനയും സൗദിയും രണ്ട് മൂന്ന് സ്ഥാനങ്ങളിലുണ്ട്.
ഗ്രൂപ്പ് സിയില്‍ ഡിസംബര്‍ ഒന്നിനാണ് പോളണ്ടിന്റെ അവസാന മത്സരം. അര്‍ജന്റീനയാണ് ടീമിന്റെ എതിരാളികള്‍.
Content Highlight: Saudi fan switches jersey after Robert Lewandowski strikes, Video goes viral