റിയാദ്: ഇന്ത്യക്കാരടങ്ങുന്ന വിദേശികളുള്‍പ്പെട്ട 150ലധികം ആളുകളുള്ള സംഘത്തെ
സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യ. വിദേശ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന ആദ്യ ബാച്ച് ജിദ്ദയിലെത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അറിയിച്ചത്.
91 സൗദി പൗരന്‍മാരും 66 വിദേശികളുമടങ്ങുന്ന ഗ്രൂപ്പിനെ സൗദി നാവല്‍ ഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്. ബോട്ട് മാര്‍ഗമാണ് ഇവരെ ജിദ്ദയിലെത്തിച്ചത്.
ഇതില്‍ ഇന്ത്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, തുണീഷ്യ, പാകിസ്ഥാന്‍, ബള്‍ഗേറിയ, ബംഗ്ലാദേഷ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിന ഫാസോ അടക്കമുള്ള 12 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദയിലെത്തിയ വിദേശ പൗരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകാനുള്ള സാഹചര്യം ഒരുക്കുമെന്നും സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ സുഡാനില്‍ അകപ്പെട്ട വിദേശ പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാനുള്ള അവസരമൊരുക്കുമെന്ന് സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അറിയിച്ചിരുന്നു. തങ്ങളുടെ പൗരന്‍മാരെ ദുരന്ത സ്ഥലത്ത് നിന്ന് കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദിയടക്കമുള്ള രാജ്യങ്ങള്‍ സമീപിച്ചതായും സൈനിക ജനറല്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് സൗദി തങ്ങളുടെ പൗരന്‍മാരെ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സൗദിക്ക് പുറമെ ഫ്രാന്‍സ്, ചൈന, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്‍മാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുഡാനിലെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനിയും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ നൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനിടെ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചേര്‍ന്ന വെടിനിര്‍ത്തലും പരാജയപ്പെട്ടതോടെ സുഡാനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
ഇതിനിടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന പരാതിയും ഉയര്‍ന്ന് വരുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ള ആവശ്യ സാധനങ്ങള്‍ വരെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
Content Highlight: Saudi evacuate Indian citizens from sudan