| Friday, 7th October 2022, 1:47 pm

റോയിട്ടേഴ്‌സിനോട് ഞാന്‍ സംസാരിക്കില്ല, നിങ്ങള്‍ ചെയ്യുന്നത് ശരിയായ ജോലിയല്ല; സൗദി ഊര്‍ജമന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിയന്ന: റഷ്യയുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തെ കുറിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സൗദി അറേബ്യയുടെ ഊര്‍ജ വകുപ്പ് മന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് (Abdulaziz bin Salman Al Saud).

ഓസ്ട്രിയയിലെ വിയന്നയില്‍ വെച്ച് നടന്ന ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ്) രാജ്യങ്ങളുടെ കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ, റോയിട്ടേഴ്‌സില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് ലോലര്‍ ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോഴായിരുന്നു സൗദി മന്ത്രിയുടെ പ്രതികരണം.

ഞാന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയില്‍ നിന്നാണ്, എനിക്ക് നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു സൗദി- റഷ്യ ബന്ധത്തെ കുറിച്ച് റോയിട്ടേഴ്‌സ് ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും താന്‍ റോയിട്ടേഴ്‌സിനോട് സംസാരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയത്.

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര എണ്ണവില നിശ്ചയിക്കാന്‍ സൗദിയും റഷ്യയും ഒത്തുകളിക്കുന്നു എന്ന തരത്തില്‍ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. ഒരു ബാരല്‍ എണ്ണക്ക് നൂറ് ഡോളര്‍ രൂപയായി നിശ്ചയിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നീക്കം നടത്തിയെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

”ഇല്ല, അതിന് മുമ്പ് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ കാര്യങ്ങള്‍ തെറ്റായാണ് ധരിച്ച് വെച്ചിരിക്കുന്നത്. ഇത് രണ്ട് തവണ സംഭവിച്ചു. റോയിട്ടേഴ്‌സ് നല്ലൊരു കാര്യമല്ല ചെയ്തത്.

റഷ്യ സൗദിയുമായി ചേര്‍ന്ന് അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്നു. ഈ വിഷയത്തില്‍ നിങ്ങളുടെ ഒരു സ്റ്റോറി പുറത്തുവന്ന സമയത്ത് റഷ്യയില്‍ നിന്നുള്ള ആരുമായും ഞാന്‍ സംസാരിച്ചിരുന്നില്ല. അവിടെ നിന്നുള്ള ആരും എന്നെയും വിളിച്ചിട്ടില്ല.

എന്നാല്‍ ഇതേ കാര്യം നിങ്ങള്‍ വീണ്ടും ഒരു സ്റ്റോറിയില്‍ ആവര്‍ത്തിച്ചു. സൗദിയും റഷ്യയും തമ്മില്‍ അങ്ങനെയാണ് ഇങ്ങനെയാണ്, അവര്‍ തമ്മില്‍ എണ്ണവില ഏകീകരിക്കുന്നതിന് ഒത്തുചേരുന്നു ബ്ലാ ബ്ലാ ബ്ലാ എന്നൊക്കെ. അതൊന്നും സത്യമല്ല.

ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ നിങ്ങളുടെ ദുബായ് ബ്യൂറോയിലെ ഒരു പ്രതിനിധിയുമായി ഞാന്‍ 25 മിനിട്ടോളം സംസാരിച്ചു, സാമ്പത്തികനേട്ടം ലക്ഷ്യം വെച്ചുകൊണ്ട് എണ്ണയുടെ കാര്യത്തില്‍ ഞങ്ങള്‍ റഷ്യയുമായി ഒരു ബന്ധത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും അത് എന്തുകൊണ്ടാണെന്നും മനസിലാക്കി കൊടുക്കാന്‍.

എന്നാല്‍ ആ 25 മിനിട്ടും വെറുതെയായി. ഇത് ഞാന്‍ ഒട്ടും അംഗീകരിക്കുന്നില്ല. ഞാന്‍ വളരെ ബഹുമാനത്തോടെയായിരുന്നു, റോയിട്ടേഴ്‌സ് ഏജന്‍സിയെയും ബഹുമാനിച്ച് കൊണ്ടായിരുന്നു അവരോട് പെരുമാറിയിരുന്നത്.

എന്നാല്‍ ഔദ്യോഗിക പ്രതികരണമായ എന്റെ വാക്കുകള്‍ പരിഗണിക്കാതെ നിങ്ങള്‍ ഏതൊക്കെയോ സൗദി സോഴ്‌സുകളില്‍ നിന്നുള്ള വിവരം വെച്ചാണ് വാര്‍ത്ത ചെയ്യുന്നത്.

നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ ഇവിടെയിരിക്കുന്ന മറ്റ് പ്രതിനിധികളോട്, എന്റെ സഹപ്രവര്‍ത്തകരോട് നേരിട്ട് ചോദിക്കാം, എന്നോടല്ല.

സൗദി സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ഊര്‍ജ മന്ത്രിയായ എന്റെ വാക്കുകളെ നിങ്ങള്‍ ഒരു സോഴ്‌സായി കാണാത്ത പക്ഷം, അതിനെ ബഹുമാനിക്കാത്ത പക്ഷം ഞാന്‍ ഒരിക്കലും റോയിട്ടേഴ്‌സിനോട് സംസാരിക്കില്ല,” സൗദി മന്ത്രി പറഞ്ഞു.

Content Highlight: Saudi energy minister criticize Reuters while speaking to its journalist after OPEC meet in Vienna

We use cookies to give you the best possible experience. Learn more