റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയിലും തൊഴില്‍ മേഖലയിലും വന്‍ ഇടിവ്. ബുധനാഴ്ച്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രണ്ടാം സാമ്പത്തിക പാദത്തില്‍ 7 ശതമാനം ഇടിവാണ് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒപ്പം തൊഴിലില്ലായ്മ നിരക്ക് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.4 ശതമാനമാണ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ മാന്ദ്യം നേരിട്ട എണ്ണ വിപണിയെക്കൂടാതെ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തെ എണ്ണ ഇതര മേഖലയും തളര്‍ച്ച നേരിടുന്നുണ്ട്.
എണ്ണ ഇതര മേഖലയില്‍ 8.2 ശതമാനം ഇടിവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 5.3 ശതമാനം ഇടിവ് എണ്ണ വിപണി മേഖലയിലും രേഖപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴത്തെ വളര്‍ച്ചാ മാന്ദ്യത്തിന് ഒരു ഘടകമാവുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
മെയ് 11 ന് സൗദിയില്‍ മൂല്യവര്‍ധിത നികുതി 5 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഒപ്പം പൊതുമേഖലാ ജീവനക്കാര്‍ക്ക് 2018ല്‍ അനുവദിച്ചിരുന്ന ജീവിതചെലവ് ഇളവുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആളുകള്‍ തങ്ങളുടെ പണച്ചലവ് കുറയ്ക്കുന്നുണ്ട്. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിട്ടും സാമ്പത്തിക മേഖലയെ തിരിച്ചു പിടിക്കുന്നതിന് തടസ്സമാവുന്നു.
ഈ വര്‍ഷം സൗദി സമ്പദ് വ്യവസ്ഥ 6.8 ശതമാനം ചുരങ്ങുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. 2021 ല്‍ ഇതില്‍ 3.1 ശതമാനം വളര്‍ച്ച തിരിച്ചുപിടിക്കുമെന്നും ഐ.എം.എഫ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Saudi economy shrinks 7% while unemployment hits record high