| Thursday, 29th October 2020, 11:25 am

കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ മാപ്പുമായി സൗദി; പാകിസ്താനെയും വെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി സൗദി ഇറക്കിയ ഗ്ലോബല്‍ മാപ്പില്‍ ഇന്ത്യക്കും പാകിസ്താനും തിരിച്ചടി. ജമ്മുകശ്മീര്‍ ഒരു പ്രത്യേക മേഖലയായാണ് മാപ്പിലുള്ളത്. പാകിസ്താന്‍ മാപ്പ് പരിശോധിച്ചപ്പോള്‍ ഇതില്‍ പാക് അധീന കശ്മീര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജി 20 യുടെ ഭാഗമായി ഇറക്കിയ ജി20 സമ്മിറ്റ് കറന്‍സിയിലാണ് ഈ ഗ്ലോബല്‍ മാപ്പ്. പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റായ അംജദ് അയുബ് മിര്‍സ സൗദിയുടെ നീക്കത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

ഇതിനു പിന്നാലെ ഇന്ത്യാ ടുഡേക്ക് ലഭിച്ച വിവരപ്രകാരം ലഡാക്ക്, കശ്മീര്‍ ഭാഗങ്ങള്‍ ഇന്ത്യയുടെ മാപ്പിലും ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇന്ത്യ ടുഡേയോട് ഇക്കാര്യം അറിയിച്ചത്. വിഷയം കേന്ദ്രം ഗൗരവമായാണെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സൗദി എംബസിയില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

ഇന്ത്യ അംഗമായ ജി 20 യുടെ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് അധ്യക്ഷത വഹിക്കുന്നത്. നവംബര്‍ 21,22,23 തിയ്യതികളില്‍ വിര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ സൗദി

സൗദി അറേബ്യ നയിക്കുന്ന ഓര്‍ഗൈനേസഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ( ഒ.ഐ.സി) എന്ന മുസ്‌ലിം രാജ്യങ്ങളുടെ സംഘടന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നേരത്തെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൗദി പരസ്യമായി ഇന്ത്യക്കെതിരെ രംഗത്തു വന്നിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത നയതന്ത്ര ബന്ധവുമാണ്.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി സൗദി നേരത്തെ ഇടഞ്ഞിട്ടുമുണ്ട്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്‌ലിം കൗണ്‍സില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ആഗസ്റ്റ് മാസത്തില്‍ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സിയില്‍ വിദേശകാര്യ മന്ത്രിമാരുടെ മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു. വിഷയത്തില്‍ തങ്ങളുടെ വികാരം ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു.

പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു. പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റുമതി കരാര്‍ സൗദി പുതുക്കിയിട്ടില്ല.. മാസങ്ങള്‍ക്ക് മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും പാകിസ്താനിലെത്തിക്കാനുള്ള കരാറാണിത്.

ഇതിനൊപ്പം നല്‍കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാകിസ്താനെ സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi distorting India map in G20 banknote by removing J&K

We use cookies to give you the best possible experience. Learn more