| Saturday, 28th November 2020, 12:19 pm

ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കില്ലെന്ന് സൗദി; നെതന്യാഹുവിന്റെ ആവശ്യത്തോട് മുഖംതിരിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യത്തോട് മുഖം തിരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.

കഴിഞ്ഞ ഞായറാഴ്ച നിയോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നതായി സൗദി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ സൗദി.

രണ്ട് കാരണങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെന്നും അതിലൊന്ന് അടുത്തിടെ സൗദിയുടെ എണ്ണശാലകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണമാണെന്നുമാണ് സൂചന. ഇത് സൗദിക്കെതിരായ ഇറാന്റെ നിഴല്‍യുദ്ധമായാണ് രാജ്യം കണക്കാക്കുന്നത്.

രണ്ടാമതായി, യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ വിഷയത്തിലുള്ള യു.എസിന്റെ നിലപാടിലുള്ള സംശയമാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നതോടെ ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാട് മാറാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് സൗദി. പ്രത്യേകിച്ചും ടെഹ്‌റാനുമായുള്ള ആണവകരാര്‍ മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍.

സൗദിയും യു.എസും തമ്മിലുള്ള നയതന്ത്ര ബന്ധം പഴയപോലെ തുടരുമെന്ന് ബൈഡനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.

ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, മനുഷ്യാവകാശങ്ങളെ പരിഗണിക്കല്‍, വ്യാപാര ബന്ധം ഊഷ്മളമാക്കല്‍, ഭീകരതയെ നേരിടല്‍ എന്നിവയിലൂന്നിയുള്ള ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സൗദി കിരീടാവകാശിയുമായി നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ഇറാന്റെ യുറേനിയം പ്രോസസ്സിംഗ് ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരായ ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചതായി സൗദി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. യോഗത്തില്‍ ഇറാനെതിരായ ആക്രമണം അനിവാര്യമാണെന്ന് നെതന്യാഹു വാദിച്ചെന്നും എന്നാല്‍ പോംപിയോ അനുകൂലിച്ചില്ലെന്നുമാണ് സൂചനകള്‍.

അതേസമയം നിയോമില്‍ സൗദി കിരിടാവകാശിയുമായി പോംപിയോ നടത്തിയ കൂടിക്കാഴ്ചയില്‍ നെതന്യാഹു നടത്തിയ പരാമര്‍ശനത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.

”ഇറാന്റെ ആക്രമണത്തെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചതെന്നും യെമനിലെ സംഘര്‍ഷത്തില്‍ രാഷ്ട്രീയ പരിഹാരം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നുമാണ്’, പ്രസ്താവനയില്‍ യു.എസ് പറഞ്ഞത്. കൂടിക്കാഴ്ചയെക്കുറിച്ച് നെതന്യാഹുവിന്റെ ഓഫീസും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദ പ്ലാന്റിന് നേരെ ഹൂതി മിസൈലാക്രമണം ഉണ്ടായിരുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് വിതരണ പ്ലാന്റിന് തീപ്പിടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൗദി ഊര്‍ജമന്ത്രാലയം വക്താവ് അറിയിച്ചു. വിതരണ കേന്ദ്രത്തിന് കാര്യമായ കേടുപാടുകളില്ലെന്ന് അരാംകോയും അറിയിച്ചിരുന്നു.

ഹൂത്തി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യ സേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ എണ്ണ സമ്പത്തിനെതിരായ ആക്രണം മാത്രമല്ല ഇതെന്നും ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി എണ്ണ കേന്ദ്രങ്ങളെ ഇതാദ്യമായല്ല ഹൂതികള്‍ ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെയും ഭീകരര്‍ ആക്രമിച്ചിട്ടുണ്ടെന്നും അല്‍ മാലികി പറഞ്ഞു. ഇറാന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi crown prince was reluctant to back US attack on Iran

We use cookies to give you the best possible experience. Learn more