| Friday, 13th November 2020, 10:12 am

ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായ ഐ.എസ് ആക്രമണം; ശക്തമായി നേരിടുമെന്ന് സല്‍മാന്‍ രാജകുമാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലേക്ക് നടന്ന ഐ.എസ് ഭീകരാക്രമണത്തെ അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ആക്രമണത്തെയും ഇരുമ്പ് മുഷ്ടി കൊണ്ട് നേരിടുമെന്നാണ് സല്‍മാന്‍ രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ ഞങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ദോഷം വരാന്‍ ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ ഇരുമ്പ് മുഷ്ടികൊണ്ട് പ്രതിരോധിക്കും,’ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബുധനാഴ്ച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ അനുസ്മരണ ചടങ്ങ് നടന്ന ജിദ്ദയിലെ ഒരു സെമിത്തേരിയിലേക്കാണ് ബോംബാക്രമണം നടന്നത്. ചടങ്ങില്‍ ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. സ്‌ഫോടനത്തില്‍ ഒരു ഗ്രീക്ക് ഉദ്യോസ്ഥനും സൗദി ഉദ്യോഗസ്ഥനും പരിക്ക് പറ്റിയിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഐ.എസ് ഏറ്റെടുത്തിരുന്നു. ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലെ ഹെബ്ദോയിലെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് ഐ.എസ് അറിയിച്ചത്.

ഐ.എസുമായി ബന്ധമുള്ള വൈബ്‌സൈറ്റായ അമാഖില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്കായിരുന്നു ആദ്യം ആക്രമണത്തിന് ലക്ഷ്യം വെച്ചത്.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ നേരത്തെയും സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്ക് ആക്രമണം നടന്നിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് കത്തിക്കുത്തില്‍ പരിക്ക് പറ്റിയത്. സംഭവത്തില്‍ സൗദി പൗരനെ അറസ്റ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more