സര്‍ജറി കഴിഞ്ഞു; സല്‍മാന്‍ രാജകുമാരന്‍ ആശുപത്രി വിട്ടു
World News
സര്‍ജറി കഴിഞ്ഞു; സല്‍മാന്‍ രാജകുമാരന്‍ ആശുപത്രി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 12:37 pm

റിയാദ്: അപ്പന്‍ഡിക്‌സിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി വിട്ടു. ലാപ്രോസ്‌കോപിക് സര്‍ജറി പൂര്‍ത്തിയായതിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്ന് പറഞ്ഞതിന് പിന്നാലെ സല്‍മാന്‍ രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

ബുധാനാഴ്ചയാണ് അദ്ദേഹത്തെ കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സൗദി പ്രസ് ഏജന്‍സിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആശുപത്രിയില്‍ നിന്ന് അദ്ദേഹം പുറത്തേക്ക് വരുന്ന വീഡിയോകളും സൗദി പ്രസ് ഏജന്‍സി പുറത്ത് വിട്ടിരുന്നു.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്ക ഉടന്‍ പുറത്തുവിടുമെന്നും ഇതിന് പിന്നാലെ സൗദിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് വിളിക്കുമെന്നുമാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെയാണ് വിളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പിടിവീഴുമെന്നും ആക്‌സിയോസ് മാധ്യമ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍ രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിടിവീഴുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Saudi Crown Prince Undergoes Appendicitis Surgery, Discharged