| Friday, 8th February 2019, 11:01 am

വെള്ളിയാഴ്ചയ്ക്കുള്ളില്‍ സൗദി കിരീടാവകാശിയുടെ കാര്യത്തില്‍ തീരുമാനം പറയണം; ട്രംപിന് അന്ത്യശാസനവുമായി യു.എസ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് കോണ്‍ഗ്രസ്. ഖഷോഗ്ജിയ്ക്കു പിന്നാലെ “ബുള്ളറ്റുമായി” പോകുന്നുണ്ട് എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് യു.എസ് നീക്കം.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് സൗദി കിരീടാവകാശി ഉത്തരവിട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡെഡ്‌ലൈന്‍ നല്‍കിയിരിക്കുകയാണ് യു.എസ് കോണ്‍ഗ്രസ്.

Also read:റഫാലില്‍ മോദിസര്‍ക്കാര്‍ ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി ഇടപെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി; നിര്‍ണായക തെളിവുകള്‍ പുറത്ത്

ഖഷോഗ്ജി കൊലപാതകം സൗദി ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടു നടപ്പിലാക്കിയതാണെന്ന് തുര്‍ക്കി സന്ദര്‍ശനത്തിനു പിന്നാലെ യു.എന്‍ പ്രതിനിധി ആഗ്നസ് കാലമാഡ് പറഞ്ഞിരുന്നു.

കൂടാതെ യു.എസില്‍ നിന്നും ഖഷോഗ്ജി സൗദിയിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ അദ്ദേഹത്തിനു പിറകേ ഒരു ബുള്ളറ്റുമായി പോകുമെന്ന് ബിന്‍ സല്‍മാന്‍ 2017ല്‍ സഹായിയുമായുള്ള സംഭാഷണത്തിനിടെ മുന്നറിയിപ്പു നല്‍കിയിരുന്നതായുള്ള വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാട് കടുപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു.

കേസുമായി ബന്ധപ്പെട്ട് 11 പേര്‍ സൗദിയില്‍ അന്വേഷണം നേരിടുകയാണ്. ഇവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം ഇതുവരെ സൗദി അംഗീകരിച്ചിട്ടില്ല.

കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പിന്നീട് സി.എന്‍.എന്‍ പുറത്തുവിട്ട ഖഷോഗ്ജിയുടെ വാട്ട്സാപ്പ് സന്ദേശത്തിലും എം.ബി.എസിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.



We use cookies to give you the best possible experience. Learn more