| Thursday, 11th June 2015, 5:17 pm

സൗദി ബ്ലോഗര്‍ ബദാവിയുടെ ശിക്ഷ നാളെ പുനരാരംഭിക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്


റിയാദ്: മതനിന്ദാ കേസില്‍ ബ്ലോഗര്‍ റെയ്ഫ് ബദാവിക്കുള്ള 10 വര്‍ഷത്തെ തടവ് ശിക്ഷയും 1000 ചാട്ടയടിയും സൗദി സുപ്രീം കോടതി ശരിവെച്ചതോടെ അദ്ദേഹത്തിനെതിരായ ശിക്ഷാ നടപടികള്‍ നാളെ പുനരാരംഭിക്കുമെന്ന് സൂചന. വിധിക്കെതിരെ റെയ്ഫിന് അപ്പീല്‍ പോകുവാന്‍ സാധിക്കാത്തതിനാലാണ് ശിക്ഷ നടപ്പിലാക്കി തുടങ്ങാന്‍ സൗദിയുടെ തീരുമാനം.

ബദാവിക്കുള്ള ശിക്ഷയുടെ ആദ്യ ഘട്ടമെന്ന നിലക്ക് കഴിഞ്ഞ ജനുവരി 9ന് 50 ചാട്ടയടി അദ്ദേഹത്തിന് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ശിക്ഷ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വെക്കുകയായിരുന്നു.

“ഫ്രീ സൗദി ലിബറല്‍സ്” ബ്ലോഗിന്റെ സ്ഥാപകനായ ബദാവിയെ 2012 ജൂണിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ  ഏഴ് വര്‍ഷം തടവും 600 ചാട്ടയടിയുമായിരുന്നു അദ്ദേഹത്തിന് വിധിച്ചിരുന്നതെങ്കിലും ശിക്ഷ കുറവായിപ്പോയെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ശിക്ഷ 10 വര്‍ഷം തടവും പത്തു ലക്ഷം (അല്ലെങ്കില്‍ ഒരു ദശലക്ഷം) സൗദി റിയാലും 1000 ചാട്ടവാറടിയുമായി ഉയര്‍ത്തുകയായിരുന്നു.

50 വീതം അടി 20 ആഴ്ചകളിലായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ജിദ്ദയിലെ ജുഫൈലി പള്ളിയില്‍ പൊതുജനമധ്യേയാണ് ശിക്ഷ നടപ്പിലാക്കുക. പുറത്തും കാലുകളിലുമായി തൊലിക്ക് മുറിവേല്‍പ്പിക്കാതെയാണ് അടി നടപ്പിലാക്കുക.

നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഛായ മെച്ചപ്പെടുത്താനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നാണ് വിലയിരുത്തപ്പെടുന്നത്. ബദാവിക്കെതിരായ ശിക്ഷാ നടപടിയെ  നിരവധി രാജ്യങ്ങള്‍ തുറന്നെതിര്‍ത്തിരുന്നെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ സൗദി തയ്യാറായിരുന്നില്ല.

എതിര്‍പ്പുകളെ നേരിടാന്‍ സൗദിയില്‍ സാധാരണയായി നടപ്പിലാക്കുന്ന ശിക്ഷാ രീതികളിലൊന്നാണ് ചാട്ടയടി. മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം സൗദിയില്‍ ഇത്തരം ശിക്ഷാ നടപടികള്‍ക്ക് വിധേയരായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more