കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിക്കൊണ്ട് തുടങ്ങിയ വമ്പന്‍ സൈനിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് സൗദി ലീഗ്. റോണോക്ക് പിന്നാലെ ഉയര്‍ന്ന മൂല്യം നല്‍കി കൊണ്ട് കരിം ബെന്‍സിമ, നെയ്മര്‍, സാദിയോ മാനെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകള്‍ക്ക് സാധിച്ചു.
മുന്‍ നിര താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച സൗദി അറേബ്യ കൂടുതല്‍ കളിക്കാരെ സൈന്‍ ചെയ്ത് ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രയാണം തുടരുകയാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സ്, അര്‍ജന്റീന ദേശീയ ടീമുകളിലെ സൂപ്പര്‍ താരങ്ങളെ സൗദി ക്ലബ്ബുകള്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം റാഫേല്‍ വരാനെയെയും അര്‍ജന്റീനയുടെ അത്‌ലെറ്റികോ മാഡ്രിഡ് മധ്യനിര താരം റോഡ്രിഗോ ഡി പോളിനെയുമാണ് സൗദി അറേബ്യ പുതുതായി നോട്ടമിട്ടിരിക്കുന്നത്. അര്‍ജന്റീനയുടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ഡി പോളിനെ അല്‍ അഹ്‌ലി എഫ്.സിയാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.
അത്‌ലെറ്റികോ മാഡ്രിഡുമായി നടത്തിയ ചര്‍ച്ചയില്‍ താരത്തെ വിട്ടുനല്‍കാന്‍ ക്ലബ്ബ് തയ്യാറല്ലെന്നാണ് വ്യക്തമാകുന്നതെന്നും എന്നാല്‍ താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ അല്‍ അഹ്‌ലി 32 മില്യണ്‍ യൂറോയുടെ ബിഡ് സമര്‍പ്പിച്ച് കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം റാഫേല്‍ വരാനേക്ക് സൗദി അറേബ്യയിലേക്ക് ചേക്കേറാന്‍ താത്പര്യമുണ്ടെന്നും ദേശീയ ടീമിലെ സഹതാരങ്ങളായ ബെന്‍സിമ, കാന്റെ എന്നിവര്‍ കളിക്കുന്ന അല്‍ ഇത്തിഹാദാണ് താരത്തിനായി ശ്രമങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമില്‍ നിന്ന് വിരമിച്ച വരാനെ സൗദിയിലേക്ക് ചേക്കേറുന്നതോടെ വരാനിരിക്കുന്ന യൂറോ കപ്പിലെ സ്ഥാനത്തെ ബാധിക്കുമെന്ന ആശങ്ക താരത്തിനില്ലെങ്കിലും വരാനെയുടെ കൂടുമാറ്റം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ തിരിച്ചടിയായേക്കും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിലെ സ്ഥാനത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സൗദിയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ ഡി പോളിന് അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Saudi club wants to sign with Rodrigo De Paul and Raphael Varane