കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിക്കൊണ്ട് തുടങ്ങിയ വമ്പന്‍ സൈനിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് സൗദി ലീഗ്. റോണോക്ക് പിന്നാലെ ഉയര്‍ന്ന മൂല്യം നല്‍കി കൊണ്ട് കരിം ബെന്‍സിമ, നെയ്മര്‍, സാദിയോ മാനെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയും സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കിയിരുന്നു.
മുന്‍ നിര താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച സൗദി അറേബ്യ കൂടുതല്‍ കളിക്കാരെ സൈന്‍ ചെയ്ത് ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രയാണം തുടരുകയാണ്. ആഴ്സണലിന്റെ ആഫ്രിക്കന്‍ സൂപ്പര്‍ താരം നിക്കോളാസ് പെപെയെ സൗദി അറേബ്യ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സൗദി ക്ലബ്ബ് താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ക്ലബ്ബിന്റെ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഫ്രഞ്ച് വാര്‍ത്താ മാധ്യമമായ ആര്‍.എം.സി സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, പെപെയെ ടീമില്‍ നിലനിര്‍ത്താനാണ് ആഴ്സണലിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019ല്‍ ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ നിന്ന് റെക്കോഡ് തുകക്കാണ് ആഴ്സണല്‍ താരത്തെ സ്വന്തമാക്കിയത്. ക്ലബ്ബിന്റെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ താരത്തെ കഴിഞ്ഞ സീസണില്‍ ആഴ്സണല്‍ ഫ്രഞ്ച് ക്ലബ്ബായ നീസിലേക്ക് ലോണില്‍ അയച്ചിരുന്നു. ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരത്തെ ആഴ്സണല്‍ വില്‍ക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ പെപെയും മിഖേല്‍ ആര്‍ട്ടേറ്റയും ചര്‍ച്ചകള്‍ നടത്തിയ ശേഷം ക്ലബ്ബിലെ നിലനില്‍പ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഴ്സണലിനായി ഇതുവരെ കളിച്ച 112 കളികളില്‍ നിന്ന് 27 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 2020ല്‍ ക്ലബ്ബിന് എഫ്.എ കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിന് സാധിച്ചിരുന്നു.
Content Highlights: Saudi Club wants to sign with Nicolas Pepe