| Monday, 21st December 2020, 10:39 am

അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ച് സൗദി, വിമാന സര്‍വീസുകള്‍ നിര്‍ത്തി; പുതിയ കൊറോണ വൈറസ് ഭീതി പടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: കൊറോണ വൈറസിന്റെ കൂടുതല്‍ അപകടകരമായ പുതിയ സ്‌ട്രെയന്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യാതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ച് സൗദി അറേബ്യ. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലം രാജ്യം അടച്ചു.

വിമാന സര്‍വീസുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഒരാഴ്ചയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒരുപക്ഷേ നീട്ടിയേക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതിര്‍ത്തികള്‍ അടച്ചതുകൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകളും സൗദി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് സ്‌ട്രെയ്ന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ പുതിയ കൊറോണ വൈറസ് സ്‌ട്രെയ്ന്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നോ ഇവിടെയെത്തിയവര്‍ സൗദിയിലെത്തിയ ദിവസം മുതല്‍ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനിലിരിക്കുന്ന ഓരോ അഞ്ച് ദിവസത്തിലും കൊവിഡ് പരിശോധന നടത്തണമെന്നും സൗദി പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവരും ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

അതേസമയം, പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു.

ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഉണ്ടെന്ന് കഴിഞ്ഞദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയെല്ലാം വിമാനങ്ങള്‍ നിര്‍ത്തിവവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലാന്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ജനുവരി 1 വരെയാണു നെതര്‍ലന്‍ഡിന്റെ വിമാന നിരോധനം. ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം അറിയിച്ചു.

ബ്രിട്ടനില്‍ കൊവിഡ് വാക്സിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.

ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വാക്സിന്റെ പുതിയ സ്ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ബ്രിട്ടിഷുകാര്‍ അവരുടെ ക്രിസ്മസ് പദ്ധതികള്‍ റദ്ദാക്കി വീട്ടില്‍ത്തന്നെ തുടരേണ്ടിവരുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi closes borders and stops flight services due to new corona virus strain spreading in European countries

We use cookies to give you the best possible experience. Learn more