റിയാദ്: മതനേതാക്കന്മാരുടെ അറസ്റ്റിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൗദി പുരോഹിതന്‍ അബ്ദുല്‍ അസീസ് അല്‍ ഫൗസ്‌വാനെ അറസ്റ്റു ചെയ്തു. സൗദി സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടാനായുള്ള അറസ്റ്റിനെതിരെ കാമ്പെയ്ന്‍ ചെയ്യുന്ന ആക്ടിവിസ്റ്റുകള്‍ നടത്തുന്ന പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യസ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഫസ്‌വാന്‍ അറസ്റ്റിലായെന്ന വിവരം പുറത്തുവിട്ടത്.
സൗദി ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജസ്റ്റിസിലെ കമ്പാരറ്റീവ് റിലീജിയസ് ലോ വിഭാഗത്തിലെ പ്രഫസറാണ് ഫൗസ്‌വാന്‍. ഷെയ്ക്കുമാരെയും പ്രാസംഗികരേയും അടിച്ചമര്‍ത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന്റെ പേരിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
Also Read:ക്രിസ്റ്റ്യാനോയുടെ വിടവ് നികത്താന്‍ ശേഷിയുള്ള ഒരു താരം ഇവിടെയുണ്ട്: റയല്‍ കോച്ച് ലോപെട്ട്ഗുയ്
സൗദി അതിര്‍ത്തി കടക്കുന്നതില്‍ നിന്നും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്നും ഫൗസ്‌വാനെ വിലക്കിയിരുന്നതായി അല്‍ ജസീറ അറബിക് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജൂലൈ 14, 16 ദിവസങ്ങളില്‍ പോസ്റ്റു ചെയ്ത ട്വീറ്റുകളിലൂടെ സൗദിയിലെ ഇമാമുമാരുടെയും മതനേതാക്കളുടേയും അറസ്റ്റിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. മതത്തിനും മതമൂല്യങ്ങള്‍ക്കുമെതിരെ സൗദി അധികൃതര്‍ പോര് നടത്തുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്.
“മതത്തിനും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരെയുള്ള ക്രൂരമായ പോരാണിത്. നിങ്ങള്‍ ക്രിമിനലുകളെ പിന്തുണയ്ക്കരുത്. പണത്തിനും പദവിക്കും വേണ്ടിയുള്ള മോഹം അവരെ പ്രീതിപ്പെടുത്തുന്നതിലേക്കും അവരുടെ ചെയ്തികളെ ന്യായീകരിക്കുന്നതിലേക്കും എത്തരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഇഹലോക, പരലോക ജീവിതങ്ങള്‍ നഷ്ടമാകും.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സെപ്റ്റംബര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിട്ട അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമായി നിരവധി സൗദി പുരോഹിതരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ സൗദി രാജകുമാരന്മാരും ബിസിനസുകാരും ഉണ്ടായിരുന്നു.