റിയാദ്: റിയാദില്‍ വെച്ച് നടന്ന അറബ്-ചൈന വ്യാപാര സമ്മേളനത്തില്‍ ആയിരത്തില്‍പരം കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. സൗദി നിക്ഷേപ മന്ത്രാലയം ചൈനീസ് ഇലക്ട്രിക് സെല്‍ഫ് ഡ്രൈവിങ് കാര്‍ നിര്‍മാതാക്കളും വില്‍പ്പനക്കാരുമായ ഹ്യുമന്‍ ഹോറിസണ്‍സുമായി മാത്രം 560 കോടി ഡോളറിന്റെ ധാരണാപത്രമാണ് ഒപ്പു വെച്ചതെന്ന് സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര വൈദ്യുത ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ വ്യവസായമാണ് സൗദിയുടെ പദ്ധതി. ചൈനയിലെ എച്ച്.ഐ.പി.എച്ച്.ഐ ബ്രാന്‍ഡിന് കീഴിലുള്ള വാഹന നിര്‍മാണ ഫാക്ടറിയാണ് ഹ്യൂമന്‍ ഹോറിസണ്‍സ്.
സാങ്കേതികവിദ്യ, കൃഷി, പുനരുപയോഗ ഊര്‍ജം, റിയല്‍ എസ്റ്റേറ്റ്, ലോഹം, ടൂറിസം, ആരോഗ്യസംരക്ഷണം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചത്.
ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും ചൈനയും തമ്മില്‍ കരാറില്‍ ഒപ്പുവെക്കുമ്പോള്‍ രാജ്യത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ അജണ്ടയുടെ ഭാഗമായി എണ്ണ ഇതര മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ബെയ്ജിങ്ങും മധ്യപൗരസ്ത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധം വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ വ്യാപാര സമ്മേളനം നടന്നതെന്നതും ശ്രദ്ധേയം. ചൈനയില്‍ നിന്നും അറബ് രാജ്യങ്ങളില്‍നിന്നുമായി 3,500ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികളും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സൗദിയില്‍ ഇരുമ്പ് ഫാക്ടറി സ്ഥാപിക്കാനായി എ.എം.ആര്‍ അല്‍ ഉല കമ്പനിയും ചൈനയിലെ സോങ്ഹുവാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പും തമ്മില്‍ 5.33 കോടി ഡോളറിന്റെ കരാറിലും സൗദി എ.എസ്.കെ ഗ്രൂപ്പും ചൈനീസ് നാഷനല്‍ ജിയോളജിക്കല്‍ ആന്‍ഡ് മൈനിങ് കോര്‍പ്പറേഷനും ചെമ്പ് ഖനനവുമായി ബന്ധപ്പെട്ട് 50 കോടി ഡോളറിന്റെ സഹകരണ കരാറിലും ഒപ്പുവെച്ചു.
ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര -സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിക്കുന്നത് വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
അറബ് വിപണിയിലേക്കുള്ള ചൈനീസ് വിദേശ നിക്ഷേപം 2021ല്‍ 23 ശതക്കോടി ഡോളറായിരുന്നു. അതില്‍ സൗദി അറേബ്യയിലേത് 3.5 ശതകോടി ഡോളറുമായിരുന്നു.
CONTENT HIGHLIGHTS: Saudi-China trade conference with billions of contracts signed