റിയാദ്: അറബ് വസന്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഭീകരവാദ പ്രവര്‍ത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ച് സൗദി അറേബ്യ. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പെ 2012ല്‍ അറസ്റ്റ് ചെയ്ത അബ്ദുല്ല അല്‍-സഹെര്‍ എന്നയാളെയാണ് 10 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വിട്ടയച്ചത്.
സൗദിയിലെ ന്യൂനപക്ഷ സമുദായമായ ശിയ മുസ്ലിം കുടുംബത്തില്‍ നിന്നുള്ളയാളാണ് അബ്ദുല്ല അല്‍-സഹെര്‍.
16ാം വയസിലാണ് അബ്ദുല്ല അല്‍-സഹെര്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ഭീകരവാദ വകുപ്പുകള്‍ ചുമത്തി വിചാരണ ചെയ്ത ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ഇത് 10 വര്‍ഷത്തെ ജയില്‍ശിക്ഷയായി ഇളവ് ചെയ്യുകയായിരുന്നു.
ഞായറാഴ്ച സഹര്‍ ജയില്‍ മോചിതനായതായി രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.
18 വയസില്‍ താഴെയുള്ളവരുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് 2020ല്‍ സൗദിയില്‍ നിയമം വന്നതോടെയാണ് വധശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസമാക്കി കുറച്ചത്.
”അബ്ദുല്ല അല്‍-സഹെര്‍ ഒരിക്കലും ജയില്‍വാസമനുഭവിക്കാന്‍ പാടില്ലായിരുന്നു. എങ്കിലും അദ്ദേഹം പുറത്ത് വന്നതിലും സുരക്ഷിതമായി കുടുംബത്തോടൊപ്പം ചേര്‍ന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” ആംനെസ്റ്റി ഗള്‍ഫ് പറഞ്ഞു.
സഹെറിനൊപ്പം അലി അല്‍-നിമ്ര്, ദാവൂദ് അല്‍-മര്‍ഹൗന്‍ എന്നീ കൗമാരക്കാരേയും 2012ല്‍ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അലിയെ ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി ജയിലില്‍ നിന്നും വിട്ടയച്ചിരുന്നു.
ദാവൂദ് അല്‍-മര്‍ഹൗനെക്കൂടി എത്രയും വേഗം വിട്ടയക്കണമെന്നും ആംനെസ്റ്റി ഗള്‍ഫ് അവരുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അറബ് വസന്തത്തിന്റെ ഭാഗമായി 2012ല്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനായിരുന്നു ശിയ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള അലി അല്‍-നിമ്രിനെയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അവസാനത്തോടെയായിരുന്നു അലിയെ വിട്ടയച്ചത്.
2020 ഏപ്രിലിലായിരുന്നു, പ്രായപൂര്‍ത്തിയാവാത്ത സമയത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും മുമ്പ് വിധിച്ചവരുടേത് നടപ്പാക്കരുതെന്നുമുള്ള നിയമം രാജ്യത്ത് കൊണ്ടുവന്നത്. സൗദി നടപ്പാക്കുന്ന വധശിക്ഷകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമുയരാറുണ്ട്.