| Wednesday, 28th October 2015, 9:51 pm

ബ്ലോഗര്‍ റെയ്ഫ് ബദാവിയുടെ ശിക്ഷ പുനരാരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


റിയാദ്: മതനിന്ദാകേസില്‍ തടവില്‍ കഴിയുന്ന ബ്ലോഗര്‍ റെയിഫ് ബദാവിക്കുള്ള ചാട്ടയടി ശിക്ഷ പുനരാരംഭിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി ബദാവിയുടെ ഭാര്യ ഇന്‍സാഫ് ഹൈദര്‍. ശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചതായും കാനഡയില്‍ രണ്ട് മക്കളുമൊത്ത് ജീവിക്കുന്ന ഇന്‍സാഫ് ഹൈദര്‍ പറഞ്ഞു.

സൗദിയിലെ രാജഭരണത്തെ വിമര്‍ശിക്കുകയും മതനിയമങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലാണ് റെയ്ഫ് സൗദി ഭരണകൂടത്തിന് അനഭിമതനായത്. 2012 മുതല്‍ റെയിഫ് ജയില്‍ കഴിയുകയാണ്

10 വര്‍ഷത്തെ തടവും ആയിരം ചാട്ടയടിയുമാണ് റെയ്ഫിന് ശിക്ഷയായി സൗദി കോടതി വിധിച്ചിരുന്നത്. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് 50 അടികള്‍ നല്‍കിയ ശേഷം റെയ്ഫിനുള്ള ചാട്ടയടി സൗദി നിര്‍ത്തിയിരുന്നു.കഴിഞ്ഞ ജനുവരിയില്‍ ജിദ്ദയിലെ ഒരു പള്ളിയില്‍ വെച്ച് പരസ്യമായാണ് റെയ്ഫിന്റെ ശിക്ഷ നടപ്പിലാക്കിയിരുന്നത്.

റെയ്ഫിനെതിരായ സൗദിയുടെ മനുഷ്യത്വ വിരുദ്ധമായ നടപടിയില്‍ പ്രതിഷേധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണലും വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളും രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ സൗദിയുമായുള്ള ജയില്‍ കരാര്‍ ബ്രിട്ടന്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിലൂടെ കടുത്ത അന്താരാഷ്ട്ര പ്രതിഷേധം വിളിച്ച് വരുത്തുകയാണ് സൗദി ചെയ്യുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ചുവെന്ന കുറ്റത്തിന് ശിയാ നേതാവ് ഷെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ സൗദി സുപ്രീംകോടതി കഴിഞ്ഞയാഴ്ച ശരിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more