സൗദി വീണ്ടും വനിതാ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു
world
സൗദി വീണ്ടും വനിതാ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 8:49 pm

സൗദിയില്‍ രണ്ട് വനിതാ ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. സമര്‍ ബദാവി, നസീമ അല്‍ സദാഹ് എന്നിവരെയാണ് രണ്ടു ദിവസത്തിനിടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. മെയ് മാസം മുതല്‍ നിരവധി വനിതാ ആക്ടിവിസ്റ്റുകളെയാണ് സൗദി അറസ്റ്റ് ചെയ്തത്.

അമേരിക്ക നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് ജേതാവായ സമര്‍ ബദാവി സൗദിയിലെ പുരുഷ രക്ഷകര്‍തൃത്വ സംവിധാനത്തിനെതിരെ പ്രതിഷേധം നയിച്ചിരുന്നു. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പവകാശത്തിനും വാഹനമോടിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഹരജിയില്‍ ഒപ്പിട്ട ആദ്യ വനിത കൂടിയാണ് ബദാവി.

മതനിന്ദ ആരോപിച്ച് 2014 ല്‍ സൗദി പത്തുവര്‍ഷത്തേക്ക് ജയിലിലിട്ട ബ്ലോഗര്‍ റെയ്ഫ് ബദാവിയുടെ സഹോദരി കൂടിയാണ് സമര്‍. സമറിന്റെ മുന്‍ ഭര്‍ത്താവും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൗദിയില്‍ ജയിലിലാണ്.

നസീമ സദാഹ് സൗദിയിലെ ശിയാഭൂരിപക്ഷ മേഖലയായ ഖാത്വിഫില്‍ നിന്നുള്ള ആക്ടിവിസ്റ്റാണ്. സ്ത്രീകള്‍ക്ക് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിച്ച 2015ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയെങ്കിലും പിന്നീട് സൗദി ഭരണകൂടം അനുമതി നിഷേധിച്ചയാളാണ് നസീമ സദാഹ്.

മെയ് മാസം 10 വനിതാ ആക്ടിവിസ്റ്റുകളെയാണ് സൗദി അറസ്്റ്റ് ചെയ്തിരുന്നത്. വിദേശബന്ധം ആരോപിച്ചായിരുന്നു ഇത്.